വയനാട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് വീണ്ടും രോഗി മരിച്ചെന്ന് ആരോപണം
മൃതദേഹത്തോട് മെഡിക്കൽ കോളജ് അധികൃതർ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്
വയനാട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് വീണ്ടും രോഗി മരിച്ചെന്ന് ആരോപണം.തരുവണ വിയ്യൂർകുന്ന് കോളനിയിലെ രാമനാണ് മരിച്ചത്. മൃതദേഹത്തോട് മെഡിക്കൽ കോളജ് അധികൃതർ അനാദരവ് കാട്ടിയതായും ആരോപണമുണ്ട്.
ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് തരുവണ സ്വദേശി രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടും വിദഗ്ധ ചികിത്സ നൽകുകയോ ഐസിയുവിൽ പ്രവേശിപ്പിക്കുകയോ ചെയ്യാതെ രോഗിയെ വാർഡിലേക്ക് മാറ്റിയെന്ന് ബന്ധുക്കൾ ആരോപിച്ചു. വൈകുന്നേരം ഏഴ് മണിയോടെ അസുഖം മൂർച്ഛിച്ചിട്ടും ഡോക്ടർ എത്താൻ വൈകിയതും മരണകാരണമായെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മോർച്ചറിക്ക് പുറത്ത് അര മണിക്കൂറോളം മൃതദേഹം വെച്ചതും വാക്കേറ്റത്തിനടയാക്കി. ഇതിനിടെ പോലീസ് ബന്ധുക്കളുടെ വീഡിയോ എടുക്കാൻ ശ്രമിച്ചത് കൂടുതൽ സംഘർഷത്തിനിടയാക്കി. പിന്നീട് കൂടുതൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.