കാർ തന്റെപേരിൽ അലിയാർ എന്ന വ്യക്തി എടുത്തത്; വാടകയ്ക്ക് നൽകാറുണ്ടെന്നും കൊലയാളികൾ സഞ്ചരിച്ച കാറിന്റെ ഉടമ
കഞ്ചിക്കോട് നിന്നാണ് കൊലയാളികൾ സഞ്ചരിച്ച കാർ കണ്ടെത്തിയത്. രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാടകക്ക് കൊടുത്ത അലിയാർ.
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ തന്റെ പേരിൽ അലിയാർ എന്ന വ്യക്തി എടുത്തതാണ് കാറിന്റെ ഉടമ കൃപേഷ് മീഡിയവണിനോട് പറഞ്ഞു. കാർ അലിയാർ വാടകയ്ക്ക് നൽകാറുണ്ടെന്നും സുബൈർ കൊല്ലപ്പെട്ട ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൃപേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷിക്കാനെത്തിയപ്പോൾ കാര്യങ്ങൾ അവരോട് പറഞ്ഞിട്ടുണ്ടെന്നും കൃപേഷ് പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച രാവിലെ മുതലാണ് കാർ വാടകക്കെടുത്തതെന്ന് അലിയാർ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയത്. നേരത്തെയും അദ്ദേഹം വാടകയ്ക്ക് കാർ എടുത്തിരുന്നു. ഇന്നലെ വിഷുവിന് കുടുംബത്തോടൊപ്പം അമ്പലത്തിൽ പോവാനാണ് എന്നുപറഞ്ഞാണ് വണ്ടിയെടുത്തത്. ഇന്നലെ 12.45 മുതൽ വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിന് സമീപത്താണ് രമേശിന്റെ വീടെന്നും അലിയാർ പറഞ്ഞു.
കഞ്ചിക്കോട്‌നിന്നാണ് ഇന്ന് കാർ കണ്ടെത്തിയത്. ഒരു കാറുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ് സുബൈറിനെ ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു.