ആലുവ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; മുനീറിനെതിരെ കേസ്
എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. ഐപിസി 406 വിശ്വാസവഞ്ചന, 420 വഞ്ചനാക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു 1,20,000 രൂപയുടെ തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70,000 രൂപ ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി.
ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ, നൽകാനുള്ള തുക തിരികെ നൽകി മുനീർ തലയൂരി.
സംഭവത്തിന് പിന്നാലെ ഇന്നലെ പൊലീസ് ആലുവയിലെത്തി കുട്ടിയുടെ പിതാവിൽ നിന്ന് മൊഴിയെടുത്തിരുന്നു. കുട്ടി കൊല്ലപ്പെട്ടതോടെ വേറെ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നതായും ഇതിന് വീട് വാടകയ്ക്ക് എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് മുനീർ പണം വാങ്ങിയെന്നുമാണ് കുട്ടിയുടെ പിതാവ് മൊഴി നൽകിയത്. ഇതിന് ശേഷം ഫോൺ വിളിച്ചിട്ട് മുനീർ എടുത്തില്ലെന്നും പണം തിരികെ നൽകിയിരുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കുടുംബത്തിൽ നിന്ന് രേഖാമൂലം പരാതി എഴുതി വാങ്ങിയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.