മെഡലുകൾ സൂക്ഷിക്കാൻ പോലും ഇടമില്ലാതെ ഗുസ്തി താരം; വീടൊരുക്കാൻ പിന്തുണയുമായി എ.എം ആരിഫ് എം.പി

കൃഷ്ണപ്രിയയുടെ ദുരിതം പുറത്തറിയിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് എം പിയുടെ ഇടപെടൽ.

Update: 2021-08-08 01:32 GMT
Advertising

തലചായ്ക്കാൻ ഇടമില്ലാതെ വലഞ്ഞ ഗുസ്തി താരത്തിന് വീടൊരുക്കാൻ പിന്തുണയുമായി എ.എം ആരിഫ് എം.പി. ആലപ്പുഴ മുതുകുളം സ്വദേശിനി കൃഷ്ണപ്രിയക്ക് വീട് നിർമ്മിക്കാൻ എല്ലാ സഹായവും നൽകുമെന്ന് എ.എം ആരിഫ് അറിയിച്ചു. കൃഷ്ണപ്രിയയുടെ ദുരിതം പുറത്തറിയിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് എം പിയുടെ ഇടപെടൽ. ദേശീയ-സംസ്ഥാന തലത്തിൽ നേടിയ മെഡലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പോലും ഇടമില്ലാത്ത കൃഷ്ണപ്രിയയുടെ ദുരിതം കഴിഞ്ഞ ദിവസമാണ് മീഡിയവൺ പുറത്തെത്തിച്ചത്.

Full View

തൊട്ടുപിന്നാലെ തന്നെ എ.എം ആരിഫ് എം പി, കൃഷ്ണപ്രിയയെയും അമ്മ ലതയെയും ഇപ്പോൾ താമസിക്കുന്ന ബന്ധുവീട്ടിലെത്തി സന്ദർശിച്ചു. കോവിഡ് കാലത്ത് ദുരിതജീവിതം നയിക്കുന്ന ഗുസ്തി താരത്തിന് എല്ലാ സഹായവും എം പി വാഗ്ദാനം ചെയ്തു. വീടില്ലാത്തതിനാൽ സ്‌കൂൾ കോളജ് കാലത്ത് ഹോസ്റ്റലിൽ നിന്നായിരുന്നു കൃഷ്ണപ്രിയയുടെ പഠനം. എന്നാൽ കോവിഡ് കാലത്ത് താമസിക്കാൻ ഇടമില്ലാതായതോടെ അമ്മയോടൊപ്പം ബന്ധുവീട്ടിലേക്ക് മാറേണ്ടി വന്നു. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഈ വീട്ടിലെ താമസവും ദുരിതം നിറഞ്ഞതായിരുന്നു. ഒടുവിൽ എം പിയുടെ ഇടപെടലിലൂടെ സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന വീട് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കൃഷ്ണപ്രിയയും കുടുംബവും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News