പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച തിരുവനന്തപുരം അമ്പൂരിയിൽ ഹര്‍ത്താല്‍
നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് സമീപത്തെ പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയാക്കിയതില്‍ അവ്യക്തതയുണ്ടെന്നാണ് പരാതി
തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്, പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച തിരുവനന്തപുരം അമ്പൂരിയിൽ ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.
കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യ യാത്രക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തി വിട്ടത്.രാവിലെ മുതല്‍ അമ്പൂരി ജംഗ്ഷനില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.കരടുവിജ്ഞാപനത്തില്‍ പൊതു ജനാഭിപ്രായം അറിയിക്കാന്‍ അറുപത് ദിവസം സമയമുണ്ട്. വിഷയം ചർച്ച ചെയ്യാനായി വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് സമീപത്തെ പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയാക്കിയതില്‍ അവ്യക്തതയുണ്ടെന്നാണ് പരാതി. ഉപഗ്രഹ സര്‍വേ പ്രകാരം പ്രസിദ്ധീകരിച്ച കരടില്‍ അതിര്‍ത്തി നിര്‍ണയിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് ആക്ഷന്‍ കൗണ്‍സില്‍.
അമ്പൂരി പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ 10 വാര്‍ഡുകളും നിര്‍ദ്ദിഷ്ട സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. ജനവാസ മേഖലകള്‍ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ രക്ഷാധികാരിയായ അമ്പൂരി ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.