'വൃക്കയുമായി ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിൽ 10 മിനിറ്റ് കാത്തുനിന്നു, സ്വീകരിക്കാന്‍ ആരുമുണ്ടായില്ല'; ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആംബുലൻസ് ഡ്രൈവർ
'അവിടുത്തെ അവസ്ഥ കണ്ട് സഹായിച്ചത് ഇപ്പോൾ പ്രശ്‌നമായത് '
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് മരിച്ച സുരേഷ് കുമാറിനായി കൊണ്ടുവന്ന വൃക്ക സ്വീകരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ആരുമുണ്ടിയിരുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ അരുൺദേവ്. 'വൃക്കയുമായി ആംബുലൻസ് എത്തിയെങ്കിലും ആരും അവിടെയുണ്ടായിരുന്നില്ല. സെക്യൂരിറ്റി പോലും കാര്യമറിഞ്ഞിരുന്നില്ല. ഞായറാഴ്ച ആയതിനാൽ തിരക്കും കുറവായിരുന്നു. ഡോക്ടർമാരെ ആരും കാണാത്തത് കൊണ്ടാണ് ആംബുലൻസിന്റെ ഡോറ് തുറന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയതെന്നും അരുൺദേവ് പറഞ്ഞു. ആംബുലൻസിൽ കൂടെ വന്ന ഡോക്ടർമാർ അവശരായിരുന്നു. അവിടുത്തെ അവസ്ഥ കണ്ട് സഹായിച്ചത് ഇപ്പോൾ പ്രശ്‌നമായെന്നും കുറ്റപ്പെടുത്തുന്നതിൽ വിഷമമുണ്ടെന്നും അംബുലൻസ് ഡ്രൈവർ മീഡിയവണിനോട് പറഞ്ഞു.
വൃക്കയുമായി ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്തെത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10 മിനിറ്റ് അവിടെയും കാത്തുനിന്നു. പിന്നെ ഐ.സി.യുവിൽ നിന്ന് ഒരു മെയിൽനഴ്‌സ് ഇറങ്ങിവന്നാണ് തിയേറ്ററിന്റെ അരികിലുള്ള സ്റ്റാഫുകൾക്ക് കയറാനുള്ള വാതിൽ തുറന്ന് തന്നത്. അത് വഴിയാണ് വൃക്ക ഓപ്പറേഷൻ തിയേറ്ററിന്റെ അകത്തേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.