ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ ഭേദഗതി വേഗത്തിലാക്കും

ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിച്ചിട്ടുള്ളത്.

Update: 2023-05-11 00:48 GMT
Advertising

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ ഭേദഗതി വേഗത്തിലാക്കാൻ സർക്കാർ നീക്കം. 2012 -ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി കെണ്ടുവന്ന് കൂടുതൽ ശക്തിപ്പെടുത്തനാണ് തീരുമാനം. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിച്ചിട്ടുള്ളത്. ഓർഡിനൻസ് വേഗത്തിൽ ഇറക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ഡോക്ടർ വന്ദനയുടെ ദാരുണാന്ത്യത്തിന് പിന്നാലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമത്തിലെ പോരായ്മകളും ചർച്ചയായിട്ടുണ്ട്. നിയമനിർമാണം വേഗത്തിലാക്കണമെന്ന് ഗണേഷ് കുമാർ എം.എൽ.എയും ആരോഗ്യ പ്രവർത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

2012-ലെ 'കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും - അക്രമവും സ്വത്തിനുള്ള നാശവും തടയൽ' നിയമമാണ് നിലവിലുള്ളത്. ഇതിൽ നിരവധി പോരായ്മകളുണ്ടെന്ന വിമർശനത്തെ തുടർന്ന് നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ആരോഗ്യ മേഖലയിലെ സംഘടനകളുമായുള്ള ആദ്യഘട്ട ചർച്ച അവസാനിച്ചു. നിയമവകുപ്പിന്റെ നിർദേശം കൂടി ചേർത്ത് ഉടൻ കരട് പ്രസിദ്ധീകരിക്കും. പൊതുജനങ്ങളുടെയും അഭിപ്രായം തേടും. വേഗത്തിൽ നിയമ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം, ആശുപത്രി ആക്രമണങ്ങളിൽ ഒരു മണിക്കൂറിനകം എഫ്.ഐ.ആർ തയ്യാറാക്കി ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, പ്രത്യേക കോടതിയുടെ മേൽനോട്ടത്തിൽ കുറ്റവിചാരണ നടത്തി ഒരു വർഷത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുക, ശിക്ഷാ കാലയളവിലും പിഴയും വർധിപ്പിക്കണം, വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ട ഭേദഗതികൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News