ഹേമ കമ്മിറ്റി റിപ്പോർട്ടിനും അമ്മയിലെ കൂട്ട രാജിക്കും ശേഷം മോഹൻലാൽ മൗനം വെടിയുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ടുമായും അമ്മയിലെ ഭിന്നതയുമായും സഹപ്രവർത്തകർക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്

Update: 2024-08-31 00:49 GMT
Advertising

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും അമ്മയിലെ കൂട്ട രാജിക്കും ശേഷം മോഹൻലാൽ മൗനം വെടിയുന്നു. 12 ദിവസങ്ങൾക്കു ശേഷം തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് മുന്നിലേക്കെത്തുന്ന മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്നാലെയാണ് മാധ്യമങ്ങളെ കാണാനുള്ള തീരുമാനം.

‘നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടെയും അനുവാദം വേണ്ട എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, ഞാൻ കഴിഞ്ഞ 40 കൊല്ലത്തിലധികമായി നിങ്ങൾക്കിടയിലുള്ള ആളാണ്’ 2018- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് മോഹൻലാൽ പ്രസംഗിച്ചതാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു മോഹൻലാലിനെ മുഖ്യാതിഥിയാക്കി സർക്കാർ ചടങ്ങ് സംഘടിപ്പിച്ചത്.

ആറു വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി വിവാദങ്ങൾക്ക് തിരശ്ശീലയിടാൻ മോഹൻലാലിന് കഴിയുമോ? ആ ബില്ല്യൺ ഡോളർ ചോദ്യത്തിന് ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. 12 ദിവസമായി മണിച്ചിത്രത്താഴിട്ട് പൂട്ടിയിരുന്ന പ്രതികരണശേഷിക്ക് ജീവൻ വെയ്ക്കുന്നു.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളെ കാണാനാണ് മോഹൻലാൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായും അമ്മയിലെ ഭിന്നതയുമായും സഹപ്രവർത്തകർക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് മുതൽ മോഹൻലാൽ മൗനത്തിലായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറിനിന്ന മോഹൻലാലിന് പകരം അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് റിപ്പോർട്ടിൽ വാർത്താ സമ്മേളനവും നടത്തി. ആ വാർത്താ സമ്മേളനമാകട്ടെ, മലയാളത്തിലെ താരസംഘടനയുടെ പതനത്തിലേക്കും വഴിവെച്ചു. സമകാലീനരും സഹപ്രവർത്തകരുമായ നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം മോഹൻലാൽ രാജിവെച്ചു. കാലാവധി തികയ്ക്കാതെ ഇറങ്ങേണ്ടി വന്ന അമ്മയുടെ ഏക പ്രസിഡന്റ്‌. തൊട്ടുപിന്നാലെ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. അതിൽ അമ്മയുടെ ഒറ്റപ്പേജ് പ്രസ്താവന മാത്രമായിരുന്നു പൊതുസമൂഹത്തിന് മുന്നിലേക്ക് വന്നത്. തിരുവനന്തപുരത്ത് നടക്കുന്ന മൂന്ന് പരിപാടികളിലാണ് മോഹൻലാൽ പങ്കെടുക്കുന്നത്. അതിൽ ആദ്യത്തേതാണ് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിപാടി. നമുക്കിടയിലേക്ക് വരാൻ ആരുടെയും അനുവാദം വേണ്ടെന്ന് ഒരിക്കൽക്കൂടി മലയാളത്തിന്റെ സൂപ്പർസ്റ്റാറിന് തോന്നിയിരിക്കുന്നു. കാത്തിരിക്കാം, അനിവാര്യമായ മറുപടികൾക്കായി. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News