അമീബിക് മസ്തിഷ്കജ്വരം: 4 വയസ്സുകാരന്റെ അന്തിമ പരിശോധനാ ഫലവും പോസിറ്റീവ്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതർ

Update: 2024-07-29 11:19 GMT
Advertising

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 4 വയസ്സുകാരന്റെ അന്തിമ പരിശോധന ഫലവും പോസിറ്റീവ്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരനെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ലാബിലെ പിസിആർ പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു.

പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തിയ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല.

അതേസമയം അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ് മരുന്നെത്തിച്ചത്. കൂടുതൽ ബാച്ച് മരുന്നുകൾ വരുംദിവസങ്ങളിലെത്തിക്കും.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News