അറ്റുപോയ കൈകൾ തുന്നി ചേർത്തു; പുതുചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
ഒരു മാസത്തിനുള്ളിൽ വ്യത്യസ്ത സാഹചര്യത്തിൽ അറ്റുപോയ രണ്ടു പേരുടെ കൈപ്പത്തികളാണ് വിജയകരമായി തുന്നി ചേർത്തത്
കോഴിക്കോട്: അറ്റുപോയ കൈകൾ തുന്നിചേർത്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. ഒരു മാസക്കാലയളവിനുള്ളിൽ വ്യത്യസ്ത സാഹചര്യത്തിൽ അറ്റുപോയ രണ്ടു പേരുടെ കൈപ്പത്തികളാണ് മെഡിക്കൽ കോളജിൽ വിജയകരമായി തുന്നി ചേർത്തത്. ആദ്യമായാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.
22 വയസുകാരനായ ചെറുതുരുത്തി സ്വദേശി നിപിൻ, തടിമിൽ ജോലിക്കാരനായ അസം സ്വദേശി ഐനൂർ എന്നിവരുടെ കൈപ്പത്തികളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വിജയകരമായി തുന്നിചേർത്തത്. ശസ്ത്രക്രിയയ്ക്ക് വിധേയരായവർ സുഖം പ്രാപിച്ചു വരുന്നു. മുമ്പ് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയച്ചിരുന്ന ഇത്തരം കേസുകൾ ഇന്ന് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഉപകാരപ്രദമാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തിരിച്ചു നൽകിയ ഡോക്ടർമാർക്ക് നിപിൻ നന്ദി പറഞ്ഞു. പ്ലാസ്റ്റിക് സർജറി , ഓർത്തോ , അനസ്‌തേഷ്യ ഡിപ്പാർട്ട്‌മെന്റിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരു ശസ്ത്രക്രിയകളും പൂർത്തിയാക്കിയത്.