തൃശൂരില്‍ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു
തൃശൂർ മണ്ണുത്തി മുടിക്കോട് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തംകുളം സ്വദേശി നബീസയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നബീസയുടെ മൃതദേഹം പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ചാത്തംകുളത്ത് മകൻ അക്ബർ അലിക്കൊപ്പമായിരുന്നു നബീസയുടെ താമസം. ചൊവ്വാഴ്ച ഉച്ചയോടെ നബീസയെ കാണാതായിരുന്നു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നബീസയെ കാണാനില്ലെന്ന് കാണിച്ച് പീച്ചി പൊലീസിൽ പരാതി നൽകുകയും ചെയ്തു. ബുധനാഴ്ച ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ നബീസയെ കണ്ടെത്തിയത്.
കഴുത്തിൽ കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പരാതി ഉന്നയിച്ചു. ഇതോടെ വിരലടയാള വിദ്ഗധർ സ്ഥലത്തെ തെളിവുകൾ പരിശോധിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയിൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.