റാന്നി ജാതി വിവേചന കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജ്, സി.ഐ സുരേഷ് എം.ആർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം

Update: 2023-02-03 12:42 GMT
Advertising

പത്തനംതിട്ട:റാന്നിയിലെ ജാതി വിവേചന കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജ്, സി.ഐ സുരേഷ് എം.ആർ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ജാതി വിവേചന കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നതായി കാട്ടി ദളിത് കുടുംബങ്ങൾ പരാതി നൽകിയിരുന്നു. ജനുവരി 30ന് ഇവർ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

കോഴക്കേസിൽ ആരോപണ വിധേയനായ അഭിഭാഷകൻ സൈബി ജോഷി പ്രതികൾക്കായി ഹാജരായ കേസിൽ അട്ടിമറി നടന്നെന്ന സംശയത്തെ തുടർന്നാണ് പരാതിക്കാരുടെ നിർണായക നീക്കം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതികൾ മുൻകൂർ ജാമ്യം നേടിയ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പങ്കും അട്ടിമറികളും അന്വേഷിക്കണമെന്നാണ് പരാതിക്കാരുടെ പ്രധാന ആവശ്യം.

2021 നംവബർ 2 മീഡിയവൺ പുറത്ത് കൊണ്ട് വന്ന റാന്നി ജാതി വിവേചനക്കേസിലെ പരാതിക്കാരായ എട്ട് ദലിത് കുടുംബങ്ങളാണ് ഹൈക്കോടതി രജിസ്ട്രാരെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്.സി.എസ്.ടി കമ്മീഷന്റെയും ജില്ലാ പട്ടികജാതി വികസന ഓഫീസറുടെയും പഴവങ്ങാടി പഞ്ചായത്തിന്റെയുമെല്ലാം പ്രതികൂല റിപ്പോർട്ട് നിലനിൽക്കെ കേസിലെ പ്രതികൾ 2022 ഏപ്രിൽ 29ന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ കൈക്കൂലി കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് വാദിച്ച ഈ കേസിൽ അട്ടിമറികൾ നടന്നതായും പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിന് കൂട്ടുനിന്നതായും ആരോപിച്ചാണ് ഇവർ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് മുൻകൂർ ജാമ്യം നേടിയ പ്രതികൾ പട്ടികജാതി പീഡന നിരോധന കേസിൽ പാലിക്കണ്ട ചട്ടങ്ങൾ മറികടന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തങ്ങൾ നേരിട്ട ക്രൂരമായ ജാതിവിവേചനങ്ങൾക്ക് നിരവധി തെളിവുണ്ടായിരുന്നിട്ടും ഇത് കോടതിയെ ബോധ്യപ്പെടുത്താൻ അവസരമുണ്ടായില്ല. അതിന് ഇടയാക്കിയത് പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും പൊലീസിന്റെയും സഹായം പ്രതികൾക്ക് ലഭിച്ചത് മൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

സൈബി ജോസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളുയർന്ന സമയത്ത് പ്രതികളുടെ മുൻകൂർ ജാമ്യം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടും വിവേചനം നേരിട്ട ദലിത് കുടുംബങ്ങള് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ബൈജു സെബാസ്റ്റ്യനടക്കമുള്ള പ്രതികൾക്ക് അനുവദിച്ച ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി പുന:പരിശോധിക്കാൻ തീരുമാനിച്ചത്. ദലിത് കുടുംബങ്ങളുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയ ഹൈക്കോടതി വിജിലൻസ് കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഈ കേസിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News