'ആറ് വയസ്സുകാരന്റെ ബുദ്ധിയും ആറാളുടെ വലിപ്പവും'; സുധാകരനെ ആക്ഷേപിച്ച് എ.എൻ ഷംസീർ

തൃക്കാക്കരയിൽ എൽ.ഡി.എഫ് വിജയിക്കുന്നതോടെ യുഡിഎഫ് തകരുമെന്നും എ.എൻ ഷംസീർ

Update: 2022-05-18 05:19 GMT
Editor : afsal137 | By : Web Desk
Advertising

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ആക്ഷേപിച്ച് എ.എൻ ഷംസീർ എം.എൽ.എ. ആറ് വയസ്സുകാരന്റെ ബുദ്ധിയും ആറ് ആളുടെ വലിപ്പവും ഉള്ളയാളാണ് സുധാകരനെന്ന് എ.എൻ ഷംസീർ തുറന്നടിച്ചു. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചു വന്ന നായയെപ്പോലെ ഇറങ്ങിനടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരന്റെ വിവാദ പരാമർശം. ഇതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിനെ ആക്ഷേപിച്ച് എ.എൻ ഷംസീർ രംഗത്തുവന്നത്. കോൺഗ്രസ് എന്ത് ശിബിരം നടത്തിയിട്ടും കാര്യമില്ലെന്നും ഒരു ഉയർന്ന നേതാവ് മാന്യമായി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിൽ എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്, കയ്യിലുള്ള സീറ്റ് നഷ്ടപ്പെടുമോയെന്ന മനോവേദനയാണ് യു.ഡി.എഫ് നേതാക്കൾക്ക്, തൃക്കാക്കരയിൽ എൽ.ഡി.എഫ് വിജയിക്കുന്നതോടെ യുഡിഎഫ് തകരുമെന്നും എ.എൻ ഷംസീർ പറഞ്ഞു. ജാതിയും മതവും നോക്കിയല്ല എൽ.ഡി.എഫ് വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സ.സി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം തൃക്കാക്കരയിൽ പ്രചാരണായുധമാക്കുകയാണ് ഇടതുമുന്നണി. ബുത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയർത്തിക്കൊണ്ട് വരാനാണ് എൽ.ഡി.എഫിന്റെ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയുടെ മുൻകാല പരാമർശങ്ങൾ ഉയർത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

കെ. സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ എൽ.ഡി.എഫ് നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. എൽ.ഡി.എഫ് കൺവൻഷനിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരാമർശം യുഡിഎഫ് പ്രചാരണത്തിൽ സജീവ ചർച്ചയാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് എൽ.ഡി.എഫിന് സുധാകരന്റെ പരാമർശം വീണ് കിട്ടയ ആയുധമായത്. മുഖ്യമന്ത്രി തന്നെ സുധാകരന് പ്രചാരണയോഗങ്ങളിൽ മറുപടി നൽകിയേക്കും. സുധാകരന്റെ പ്രസ്താവന യു.ഡി.എഫ് നേതാക്കൾ തള്ളി പറഞ്ഞിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. ഈ വിഷയത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളും തൃക്കാക്കരയിലെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചിരിക്കുകായണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News