തൂണ് പൊരിച്ചാൽ കുറച്ച് അടിയൊക്കെ കിട്ടും; എന്ത് വന്നാലും കെ റെയിൽ നടപ്പാക്കും: എ.എൻ ഷംസീർ
എന്തിനെയും എതിർക്കുക എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നത്. കമ്മീഷൻ ഇടപാട് ഇടതുപക്ഷത്തിനില്ല. നിങ്ങൾക്കാണ് കമ്മീഷൻ വാങ്ങി ശീലമുള്ളത്.
എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് എ.എൻ ഷംസീർ. കെ റെയിൽ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങൾ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകിയത്. ഇനി പ്രതിപക്ഷത്തിന്റെ അംഗീകാരം വേണ്ടെന്നും ഷംസീർ പറഞ്ഞു. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനെയും എതിർക്കുക എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നത്. കമ്മീഷൻ ഇടപാട് ഇടതുപക്ഷത്തിനില്ല. നിങ്ങൾക്കാണ് കമ്മീഷൻ വാങ്ങി ശീലമുള്ളത്. പദ്ധതി വരുന്നതോടെ കാർബൺ ബഹിർഗമനം കുറയുമെന്നും ഷംസീർ പറഞ്ഞു.
വികസനത്തെ എതിർക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നത്. കെ റെയിൽ വന്നാൽ യു.ഡി.എഫ് എന്നും പ്രതിപക്ഷത്താവും. അടുത്തവർഷം നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തോൽക്കും. ഇപ്പോൾ ബി.ജെ.പി ഓഫീസിൽ മോദിയുടെ ഫോട്ടോക്കൊപ്പം വെക്കുന്നത് കെ.സി വേണുഗോപാലിന്റെ ഫോട്ടോ ആണെന്നും ഷംസീർ പറഞ്ഞു.