വിടവാങ്ങിയത് തൊഴിലാളികൾക്ക് വേണ്ടി സർക്കാരിനെ പോലും വിമർശിക്കാൻ മടി കാണിക്കാത്ത നേതാവ്

മൂന്ന് തവണ എം.എല്‍.എയായ ആനത്തലവട്ടം ആനന്ദന്‍ അവസാന കാലം വരെ തൊഴിലാളി സംഘടന രംഗത്ത് സജീവമായിരുന്നു

Update: 2023-10-05 13:33 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: അടിമുടി പാർട്ടിയായ നേതാവ്... അതാണ് ആനത്തലവട്ടം ആനന്ദനെ കുറിച്ച് കുറഞ്ഞ വാക്കില്‍ പറയാന്‍ കഴിയുക. കയർ തൊഴിലാളി മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് സംഘടനാരംഗത്തേക്ക് ആനത്തലവട്ടം ആനന്ദന്‍ എത്തുന്നത്. കയർ തൊഴിലാളി മേഖലയായിരിന്നു ആനത്തലവട്ടം ആനന്ദന്‍റെ തട്ടകം. മൂന്ന് തവണ എംഎല്‍എയായ ആനത്തലവട്ടം അവസാന കാലം വരെ തൊഴിലാളി സംഘടന രംഗത്ത് സജീവമായിരുന്നു. തൊഴിലാളികള്‍ക്ക് വേണ്ടി തന്റെ സർക്കാരിനെ വിമർശിക്കാനും ആനത്തലവട്ടം മടി കാണിച്ചിട്ടില്ല.

കയർ തൊഴിലാളി മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ സമരം നടത്തി പാർട്ടിയുടെ പ്രധാന പദവികളിലേക്ക് എത്തി. 2016 -21 കാലയളവില്‍ കയർ അപക്സ് ബോഡി അധ്യക്ഷനായിരുന്നു.  1987,1996,2006 കാലങ്ങളിലാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ആനത്തലവട്ടം നിയമസഭയിലെത്തിയത്. അവസാന കാലം വരെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്‍റായിരുന്നു. കെഎസ്ആർടിസിയില്‍ കൃത്യമായി ശമ്പളം നല്‍കാത്തതിനെതിരെയും സിഗിംള്‍ ഡ്യൂട്ടി പരിഷ്കരണത്തിന് എതിരെയും സർക്കാരിനെതിരെപ്പോലും  ആനത്തലവട്ടം വിമർശനം ഉയർത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരും തമ്മില്‍ തുറന്നപോര് നടന്നപ്പോഴും ആനത്തലവട്ടം തൊഴിലാളി പക്ഷത്ത് നിന്ന് ഭരണസംവിധാനങ്ങളെ വിമർശിച്ചു.

എന്നാല്‍‌ വിവാദ വിഷയങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധം തീർക്കാനുള്ള പ്രധാന ആയുധമായിരുന്നു പാർട്ടിക്ക് ആനത്തലവട്ടം ആനന്ദന്‍. പാർട്ടി വെട്ടിലാവുന്ന വിഷയങ്ങളിലെ മാധ്യമചർച്ചകളില്‍ യുവാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രകടനം ആനത്തലവട്ടം കാഴ്ച വെച്ചിട്ടുണ്ട്. കഴിഞ്ഞ എറണാകുളം സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരിന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News