എന്‍.ഡി.ആര്‍.എഫും നേവിയും രംഗത്ത്; അഞ്ചാം ദിവസം അര്‍ജുനിനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു

രക്ഷാപ്രവര്‍ത്തന വിവരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറാന്‍ പ്രത്യേക സംഘം ഷിരൂരില്‍ എത്തിയിട്ടുണ്ട്

Update: 2024-07-20 05:12 GMT
Editor : Shaheer | By : Web Desk
Advertising

മംഗളൂരു/കാസര്‍കോട്: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടി അഞ്ചാം ദിവസവും തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്നു രാവിലെ ആറരയോടെയാണു തിരച്ചില്‍ പുനരാരംഭിച്ചത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബെംഗളൂരുവില്‍നിന്നുള്ള റഡാര്‍ സംവിധാനങ്ങള്‍ എത്തിക്കും.

അതിനിടെ പ്രദേശത്ത് കാറ്റും മഴയും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. സംഭവസ്ഥലത്തിനു മൂന്ന് കിലോമീറ്ററിനിപ്പുറം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മേഖലയില്‍ നിയന്ത്രണങ്ങളുണ്ട്.

രക്ഷാപ്രവര്‍ത്തന വിവരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറാന്‍ പ്രത്യേക സംഘം ഷിരൂരില്‍ എത്തിയിട്ടുണ്ട്. ഒരു ഡിവൈ.എസ്.പിയും രണ്ട് പൊലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് സ്ഥലത്തെത്തിയത്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി ഓരോ മണിക്കൂറിലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ അറിയിക്കും.


അര്‍ജുനിന്റെ കുടുംബത്തിന്റെ ആവശ്യങ്ങളും ആശങ്കകളും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. തിരച്ചിലില്‍ വീഴ്ചയുണ്ടായോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇത്. തിരച്ചില്‍ ഫലപ്രദമായി നടക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അറിയിച്ചത്. അര്‍ജുനിനെ രക്ഷിക്കാന്‍ വേണ്ട എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുനിന്റെ വീട്ടിലെത്തി അമ്മയുമായും ഭാര്യയുമായും സംസാരിച്ച ശേഷമാണു മന്ത്രിയുടെ പ്രതികരണം.

രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു. സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുന്നു. റഡാര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന നടക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാകും. ശുഭകരമായ വാര്‍ത്തകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Summary: Search continues for fifth day for Malayali lorry driver Arjun, who went missing after landslide in Shirur, Ankola, Karnataka

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News