അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി, പുഴയില്‍ അടിയൊഴുക്ക് ശക്തം; ഡൈവ് ചെയ്യാൻ കഴിയില്ലെന്ന് നേവി
ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് മുങ്ങൽ വിദഗ്ധർക്കും പുഴയിലിറങ്ങി തിരച്ചിൽ നടത്താനാവാത്ത സ്ഥിതി
മംഗളൂരു: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും എങ്ങുമെത്തിയില്ല. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് മുങ്ങൽ വിദഗ്ധർക്കും പുഴയിലിറങ്ങി തിരച്ചിൽ നടത്താനാവാത്ത സ്ഥിതിയാണ്. അതേസമയം ഗംഗാവലിപ്പുഴയിലെ അടിയൊഴുക്കിന്റെ പരിശോധനാഫലം നേവി പുറത്തുവിട്ടു. നിലവിൽ അടിയൊഴുക്ക് 6.8 നോട്ട്സ് ആണ്.
ഈ ഒഴുക്കിൽ ഡൈവ് ചെയ്യാൻ കഴിയില്ലെന്നും നേവി അറിയിച്ചു. എന്നാൽ പുഴയിൽ നിന്നും ഇന്ന് മറ്റൊരു സിഗ്നൽ കൂടി ലഭിച്ചു. റോഡിൽ നിന്നും 60 മീറ്റർ മാറി പുഴയിലുള്ള മൺകൂനയ്ക്ക് സമീപത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാൻ കൂടുതൽ സാധ്യതയെന്നാണ് കരുതുന്നത്.
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അങ്കോലയിൽ ഉന്നതതല യോഗം ചേർന്നു. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവരെ കണ്ടെത്താൻ തിരച്ചിൽ തുടരുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.
നേവൽ വിഭാഗത്തോട് ശ്രമം തുടരാൻ യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടതായും സാധ്യമാവുന്ന പുതിയ രീതികൾ അവലംബിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും എന്നാൽ ഇപ്പോൾ ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.