വിട്ടൊഴിയാതെ കേബിള്‍ അപകടം; കൊച്ചിയിൽ വീണ്ടും ബൈക്ക് യാത്രികന് പരിക്ക്
പാലാരിവട്ടം ജങ്ഷനിൽ വെച്ച് ബൈക്കിൽ കേബിൾ കുരുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മുരുകന് തലയ്ക്കും കാലിനും പരിക്കേറ്റു
കൊച്ചിയിൽ കേബിള്‍ കുടുങ്ങി യാത്രക്കാരന് വീണ്ടും അപകടം. തമിഴ്നാട് സ്വദേശി മുരുകനാണ് അപകടത്തിൽപ്പെട്ടത്. പാലാരിവട്ടം ജങ്ഷനിൽ വെച്ച് ബൈക്കിൽ കേബിൾ കുരുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മുരുകന് തലയ്ക്കും കാലിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് മുരുകന്‍.
ഒരാഴ്ച മുമ്പാണ് കൊച്ചിയിൽ കേബിൾ കുരുങ്ങി മറ്റൊരു അപകടമുണ്ടായത്. യാത്രക്കിടെ കഴുത്തിൽ കേബിൾ കുടുങ്ങിയാണ് അന്നും ബൈക്ക് യാത്രികന് പരിക്കേറ്റത്. അഭിഭാഷകനായ കുര്യനാണ് അന്ന് ഇരയായത്. മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. കേബിളില്‍ കുരുങ്ങി വണ്ടിയിൽ നിന്ന് താഴെ വീണ കുര്യന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
കൊച്ചിയിൽ കേബിൾ കുടുങ്ങി അപകടം തുടർക്കഥയായതോടെ മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്ന് ഒരു മാസം പോലും പിന്നിടുന്നതിന് മുമ്പാണ് വീണ്ടും വീണ്ടും അപകടങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത്. അപകടകരമാം വിധത്തിലുള്ള കേബിളുകൾ എത്രയും വേഗം മാറ്റണമെന്ന് യോഗത്തില്‍ മന്ത്രി നിർദേശിച്ചിരുന്നു.
ഇതിന് ശേഷവും അപകടങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. നേരത്തെയും ഫോർട്ട് കൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ കേബിൾ കുടുങ്ങി അപകടമുണ്ടായിരുന്നു. ഫോർട്ട്‌കൊച്ചിയിൽ കോട്ടയം സ്വദേശിയായ അനിൽകുമാറിന്റെ കഴുത്തിൽ കേബിൾ കുടുങ്ങിയ സംഭവത്തിന് ശേഷമാണ് മന്ത്രി യോഗം വിളിച്ച് കർശന നിർദേശം നൽകിയത്.