കോട്ടയത്ത് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് സ്ത്രീകൾക്ക് കൂടി കടിയേറ്റു
വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്
കോട്ടയം: ജില്ലയിലെ വെള്ളൂർ വടകരയിലും തെരുവ് നായ ആക്രമണം. രണ്ട് സ്ത്രീകൾക്ക് കടിയേറ്റു. ജോലിക്ക് പോകാൻ ബസ് കാത്തിരിക്കവേയാണ് ഇവരെ തെരുവ് നായ കടിച്ചത് . ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്. തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ ഇന്നലെ 5 പേർക്ക് കടിയേറ്റു. വൈക്കം ചെമ്പിൽ ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.
തിരുവാതുക്കൽ കല്ലുപുരയ്ക്കലിൽ കടിയേറ്റവരിൽ രണ്ടു പെൺകുട്ടികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ തെരുവ് നായ ആളുകളെ കടിച്ച ശേഷം എവിടേക്ക് പോയി എന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും തെരുവ് നായ കടിച്ചിട്ടുണ്ട്. നഗരസഭയുടെ 26, 45 , 46 വാർഡുകളിൽ ഇതോടെ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.