18 പേർ പലയിടങ്ങളിലായി മർദിച്ചു: സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയെന്ന് ആന്റി റാഗിങ് റിപ്പോർട്ട്
സർവകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിങ് സ്‌കോഡ് റിപ്പോർട്ട് തയ്യാറാക്കിയത്
കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയെന്ന് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട്. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോട്ടിൽ പറയുന്നു.
സിദ്ധാർഥന്റെ സുഹൃത്തും എസ്.എഫ്.ഐ ഭാരവാഹിയുമായ അക്ഷയ്'യുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.സിദ്ധാർഥന്റെ മരണത്തിൽ അക്ഷയ്ക്ക് പങ്കെുണ്ടെന്നും പ്രതിചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൊലപാതക സാധ്യതയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
സർവകലാശാലയിലെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും ഇടുക്കി സ്വദേശിയുമായ അക്ഷയ്, കേസിൽ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാർത്ഥിനെ മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്നാണ് അക്ഷയ് മൊഴി നൽകിയതെന്നാണ് വിവരം.
സിദ്ധാർഥ് മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ 31 പേരിൽ അക്ഷയ് ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളിൽ ഇയാൾ ഉണ്ടായിരുന്നില്ല. സർവകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്കോഡ് റിപ്പോർട്ട് തയ്യാറാക്കിയത്.
അതിനിടെ, കേസിൽ മുഖ്യപ്രതികളെന്ന് പൊലീസ് കണ്ടെത്തിയ സിൻജോ ജോൺസൺ, ആർ.എസ് കാശിനാഥൻ, അമീൻ അക്ബർ അലി, കെ അരുൺ, അമൽ ഇഹ്സാൻ എന്നിവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മുഴുവൻ പ്രതികളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.