ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെ തൊഴിലാളി സംഘടനകൾ ബഹിഷ്‌കരിച്ചു
തൊഴിലാളി സംഘടനകളൾക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം
കണ്ണൂര്‍: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് ജീവനക്കാർ പങ്കെടുത്തില്ല. സംഘടനകൾക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം.
തൊഴിലാളി സംഘടനകളൾക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
അതേസമയം ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടിസിയുടെ ഹ്രസ്വദൂര സർവീസുകളും ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തിൽ പുതിയതായി ആരംഭിച്ച സിറ്റി സർക്കുലർ ഉടൻ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന ചർച്ചകൾ നടക്കുകയാണ്.
തിരുവനന്തപുരത്തെ സിറ്റി സർക്കുലർ ലാഭകരമാക്കാനായി 50 ഇലക്ട്രിക ബസുകൾ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്ട്രിക് ബസുകൾ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകൾ സർവീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സർക്കുലർ സ്വിഫ്റ്റിന് കീഴിലാകും. എറണാകുളത്തും കോഴിക്കോടും ഇതിന് ശേഷം പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവൻ ഹരജികളും ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയതോടെ സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറും ആശ്വാസത്തിലാണ്.