ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുത്തു; എ.പി അഹമ്മദിനെ യുവകലാസാഹിതി സംസ്ഥാന സമിതിയില്‍ നിന്നും നീക്കി
സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് പ്രസിഡന്‍റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും വാർത്താകുറിപ്പിൽ അറിയിച്ചു
തൃശൂർ: യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദിനെ (മലപ്പുറം) സംസ്ഥാന കമ്മിറ്റിയിൽനിന്ന് നീക്കം ചെയ്യാൻ സംഘടന തീരുമാനിച്ചു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് പ്രസിഡന്‍റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും വാർത്താകുറിപ്പിൽ അറിയിച്ചു.
അഹമ്മദ് അടുത്തിടെ പട്ടാമ്പിയിൽ ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനെക്കുറിച്ച് സംഘടന അദ്ദേഹത്തോട് വിശദീകരണം തേടി. പരിപാടിയില്‍ പങ്കെടുത്തത് തെറ്റല്ലെന്നാണ് അദ്ദേഹം കരുതുന്നതെന്നും എന്നാൽ അതിനോട് യോജിക്കാൻ യുവകലാസാഹിതിക്ക് കഴിയില്ലെന്നും ജനറൽ സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു.
ഭരണകൂട വിമർശകരെ കരിനിയമങ്ങൾ ചുമത്തി തുറുങ്കിലടക്കുന്ന വേട്ടയാടൽ നടപടികളും ഗൂഢാലോചനകളും കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ടീസ്റ്റ സെറ്റൽവാദ് അടക്കമുള്ള ജനാധിപത്യ-മനുഷ്യാവകാശ പോരാളികൾ കോടതികളുടെ ഇടപെടലിനെ തുടർന്ന് തൽക്കാലം പുറത്ത് വന്നെങ്കിലും കേസുകൾ തുടരുകയാണ്. എഴുത്തുകാരും മാധ്യമപ്രവർത്തകരും നിരന്തരം വേട്ടയാടലിന്‍റെ ഇരകളായി മാറി.
ജനാധിപത്യ-പൗരാവകാശ സംരക്ഷണത്തിനും അഴിമതി നിർമാർജനത്തിനും പോരാടുന്നവർക്കൊപ്പം നിൽക്കാനും ശബ്ദമുയർത്താനും പൊതുസമൂഹവും സാംസ്കാരിക പ്രവർത്തകരും മുന്നോട്ടുവരണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഡോ. ഒ.കെ. മുരളീകൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. ഗീത നസീർ, പ്രഫ. എസ്. അജയൻ, സി.വി. പൗലോസ്, അഷറഫ് കുരുവട്ടൂർ, അഡ്വ. സി.എ. നന്ദകുമാർ, ബാബു പാക്കനാർ, ആസിഫ് റഹിം, ലക്ഷ്മി മംഗലത്ത്, ഷീലാ രാഹുലൻ തുടങ്ങിയവർ സംസാരിച്ചു. ലഹരി-മയക്ക് മരുന്ന് വ്യാപനത്തിനെതിരെ സാംസ്കാരിക കലാ ജാഥകൾ സംഘടിപ്പിക്കാനും സംസ്ഥാന സമ്മേളനം ഏപ്രിലിൽ കോഴിക്കോട്ട് നടത്താനും തീരുമാനിച്ചു.