അഡ്മിനിസ്ട്രേറ്റർ നിയമനം ഭാരിച്ച ഉത്തരവാദിത്വം, സഹകരിക്കണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്

Update: 2022-07-31 05:04 GMT
Advertising

എറണാകുളം: എറണാകുളം - അങ്കമാലി അതിരൂപതയിലെ അഡ്മിനിസ്ട്രേറ്റർ നിയമനം ഭാരിച്ച ഉത്തരവാദിത്വമാണെന്നും എല്ലാവരും സഹകരിക്കണമെന്നും ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ആൻഡ്രൂസ് താഴത്തിനെ വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. ഇതിനെ തുടർന്ന് വൈദീകർക്കും വിശ്വാസികൾക്കും അയച്ച സർക്കുലറിലാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പിന്തുണ തേടിയത്.

പരിമിതികളും പ്രയാസങ്ങളും വത്തിക്കാനെ അറിയിച്ചിരുന്നുവെന്നും പരിമിതിയുണ്ടെങ്കിലും മാർപാപ്പയുടെ തീരുമാനത്തെ അനുസരിക്കുകയാണെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പുതിയ ദൗത്യം നിർവഹിക്കാൻ വൈദീകരും വിശ്വാസികളും സഹകരിക്കണമെന്നും മാർപാപ്പ ഏർപ്പെടുത്തിയ പുതിയ ഭരണസംവിധാനം ദൈവഹിതമായി കണ്ട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സഭയിലെ വിമത നീക്കത്തെ തുടർന്നാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ആന്റണി കരിയിലിനെ വത്തിക്കാൻ നീക്കിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദിനാൾ വിരുദ്ധ പക്ഷത്തിനൊപ്പം നിന്നതാണ് ബിഷപ്പ് ആൻറണി കരിയിലിന്റെ രാജിയിലേക്ക് നയിച്ചത്.

തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പിൻറെ സ്ഥാനത്ത് തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം- അങ്കമാലി അതിരൂപതയിൽ അപ്പൊസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിർവഹിക്കുക. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളിൽ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നൽകുന്നതിനെക്കുറിച്ചും ആൻഡ്രൂസ് താഴത്തിന്റെ നിയമനപത്രത്തിൽ വത്തിക്കാൻ വ്യക്തമാക്കുന്നുവെന്നതിനാൽ നിലവിലെ തർക്കം തുടരാൻ തന്നെയാണ് സാധ്യത.

കർദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പലതവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാനേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്നത് അതിരൂപതയിലെ വൈദിക സമിതിയേയും പ്രതിസന്ധിയിലാക്കുന്നു. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വത്തിക്കാന്റെ തീരുമാനത്തോട് പരസ്യമായി പ്രതിഷേധിക്കാതെ, നിസ്സഹകരണം തുടരാനാണ് കർദിനാൾ വിരുദ്ധ പക്ഷത്തിന്റെ തീരുമാനം.


Full View

Appointing an administrator in the Archdiocese of Angamaly- Ernakulam is a heavy responsibility, please cooperate: Bishop Andrews

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News