'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം'; 'കക്കുകളി' നാടകത്തിനെതിരെ തൃശൂർ അതിരൂപത
ഇടത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമോ എന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് സര്‍ക്കുലര്‍
തൃശ്ശൂർ: 'കക്കുകളി' നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതിരൂപത. ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്ന് അതിരൂപതയുടെ വിമർശനം. നാടകത്തിനെതിരെ ഇടവകകളിൽ തൃശ്ശൂർ അതിരൂപത സർക്കുലർ വായിച്ചു. കത്തോലിക്കാസഭയും 'കക്കുകളി' നാടകത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ നാടകത്തിനെതിരെ സർക്കുലർ വായിച്ചത്.
'ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധമെന്നും സർക്കുലറിൽ പറയുന്നു. ഇത്തരത്തിലുള്ള സാംസ്‌കാരിക നിലപാടുകൾ സ്വീകരിക്കുന്ന ഇടത് സർക്കാരിനെയും ഇടത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമോ എന്നുള്ള കാര്യം കൂടി പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്ന നാടകമാണ് കക്കുകളി എന്നാണ് സഭയുടെ വിമർശനം.സാംസ്‌കാരിക വകുപ്പ് നാടകം വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇത്തവണത്തെ അന്താരാഷ്ട്ര നാടകോത്സവത്തിലും കക്കുകളി അവതരിപ്പിച്ചിരുന്നു. ജില്ലാ കലക്ടർമാർ ഈ നാടകം നിരോധിക്കാനുള്ള തീരുമാനം എടുക്കണമെന്നാണ് രൂപതയുടെ ആവശ്യം. നാളെ ഇതുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി.