തുറമുഖത്തിന്റെ കവാടം ഉപരോധിച്ച് സമരം; വിഴിഞ്ഞത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘര്‍ഷം
ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നു. സമരത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ വിശ്വാസികളും മത്സ്യത്തൊഴിലാളികളും ഇന്ന് സമരവേദിയിലേക്ക് എത്തിയിരുന്നു.
ഈ മാസം മുപ്പത്തിയൊന്നുവരെ തുറമുഖത്തിൻറെ പ്രധാന കവാടം ഉപരോധിച്ച് സമരം നടത്താനാണ് തീരുമാനം. സർക്കാർ ചർച്ചക്ക് ക്ഷണിച്ചെന്ന് പറയുമ്പോഴും സഭ പ്രതിനിധികളെയോ മത്സ്യത്തൊഴിലാളികളെയോ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് സമരക്കാർ പറയുന്നു.
അതേസമയം പുറത്തുനിന്നുള്ള ചിലര്‍ സമരത്തില്‍ നുഴഞ്ഞുകയറി പ്രശ്നത്തിന് ശ്രമിക്കുന്നുവെന്ന് ലത്തീൻ രൂപത ആരോപിച്ചു. മാധ്യമ പ്രവർത്തകന്റെ ഐഡി ഉപയോഗിച്ച് സമരവേദിയിലെത്തിയ ആളെ മത്സ്യത്തൊഴിലാളികൾ പിടികൂടിയിരുന്നു. ഇത്തരം നീക്കങ്ങളെ പൊലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്ന് വൈദികര്‍ ആരോപിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇന്നലെ യുവജനങ്ങളെ അണിനിരത്തിയായിരുന്നു സമരം നടത്തിയത്. പുനരധിവാസവും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറാകുമ്പോഴും വിഴിഞ്ഞം തുറമുഖ നിർമാണത്തിൻറെ കാര്യത്തിൽ കൃത്യമായ ഉത്തരമില്ല. തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരം നിർത്തില്ലെന്ന നിലപാടിലാണ് സഭയും മത്സ്യത്തൊഴിലാളികളും. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കുന്നതുവരെ സമരം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ഉദ്യോഗസ്ഥർ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. എന്നാൽ വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ച് ആറുമാസത്തിനകം നിർമ്മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇടതു സർക്കാറിനെ പോലെ മത്സ്യതൊഴിലാളികളെ സഹായിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. പ്രതിഷേധം നടത്തുന്നവരുമായി ചർച്ച ചെയ്്ത പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.