ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്‍ കണ്ടിട്ടില്ല, പരിശോധിച്ച ശേഷം തീരുമാനം: ആരിഫ് മുഹമ്മദ് ഖാൻ
ചൊവ്വാഴ്ചയാണ് നിയമസഭ ബില്ല് പാസാക്കിയത്
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ല് കണ്ടിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ. പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ഒന്നും നിയമങ്ങൾക്ക് എതിരാവാൻ പാടില്ല. മറ്റെവിടെ നിന്നോ ആണ് വിസിമാർക്ക് നിർദേശം കിട്ടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രിസ്തുമസ് ഉള്‍പ്പെടെ എന്ത് ആഘോഷം വന്നാലും എല്ലാവരെയും ക്ഷണിക്കാറുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന സർവകലാശാല ഭേദഗതി ബിൽ ഇന്ന് രാജ്ഭവനിലേക്ക് അയക്കും. ചൊവ്വാഴ്ചയാണ് നിയമസഭ ബില്ല് പാസാക്കിയത്. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ ആണ് നിയമസഭ പാസ്സാക്കിയത്. ബില്‍ പാസ്സാക്കും മുന്‍പ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല.
ചാൻസലർ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവിരടങ്ങിയ സമിതി വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം സ്പീക്കറെ സർക്കാർ നിർദേശിച്ചു. ചീഫ് ജസ്റ്റിസിനെ സമിതിയിൽ കൊണ്ടുവന്നാൽ കേസുകൾ കോടതിയിൽ വരുമ്പോഴുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ എതിർത്തത്.