'ഏറ്റുമുട്ടലിനിടെ പരിക്കുകൾ ഉണ്ടായെങ്കിലും അരിക്കൊമ്പൻ സുരക്ഷിതനാണ്'; ഡോ. അരുൺ സഖറിയ
ചക്കക്കൊമ്പനെ പിന്തുടർന്നാണ് വനം വകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയകരമെന്ന് ഡോക്ടർ അരുൺ സഖറിയ. ആനയെ ഉൾവനത്തിലേക്ക് വിട്ടിട്ടുണ്ട്, അരിക്കൊമ്പന്‍റെ നീക്കങ്ങളെല്ലാം വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിനിടെ പരിക്കുകൾ ഉണ്ടായെങ്കിലും ആന സുരക്ഷിതനാണെന്നും പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ടെന്നും അരുൺ സഖറിയ പറഞ്ഞു.
150 പേരടങ്ങുന്ന ദൗത്യ സംഘത്തിന്‍റെ ഭയരഹിതമായ പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് സിസിഎഫ് ആർ. എസ് അരുൺ പറഞ്ഞു. അരിക്കൊമ്പന് ലഭിച്ച വരവേൽപ്പ് വലിയൊരു സന്ദേശമാണ്. അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ആദ്യത്തെ ഏറ്റുമുട്ടലിൽ പരാജയപ്പെട്ട ചക്കക്കൊമ്പൻ താഴേക്ക് ഇറങ്ങിയതിന് ശേഷം അരിക്കൊമ്പനെ പിന്തുടരുകയായിരുന്നു. ചക്കക്കൊമ്പനെ പിന്തുടർന്നാണ് വനം വകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയതെന്നും അരുൺ വ്യക്തമാക്കി.
അരിക്കൊമ്പൻ തീർത്ത പ്രതിരോധവും, പ്രതികൂല കാലാവസ്ഥയും മറികടന്ന് ഇന്ന് പുലർച്ചയോടെയാണ് ദൗത്യ സംഘം ആനയെ കുമളിയിൽ എത്തിച്ചത്. കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.
ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂർ കൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ അടക്കമുള്ള നാല് കുംകിയാനകളും, ദൗത്യ സംഘവും വളരെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്.
വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്ക് തിരിച്ചത്. വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിലെത്തി. പ്രത്യേകം പൂജകളോടെയായിരുന്നു മാന്നാർ ആദിവാസി വിഭാഗം അരിക്കൊമ്പനെ സ്വീകരിച്ചത്. പുലർച്ചെയോടെ കുമളിയിൽനിന്ന് 23 കിലോമീറ്റർ മാറി മേതകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. ഇനി പെരിയാർ വനത്തിലായിരിക്കും അരിക്കൊമ്പന്റെ വാസം.