അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ സാധ്യതയില്ല, വിമർശിക്കുന്നവർ വിവരമില്ലാത്തവർ; വിദഗ്ധ സമിതി അംഗം
പറമ്പിക്കുളത്തേക്കാൾ മികച്ച സൗകര്യം പെരിയാറിലുണ്ടെന്ന് ഡോ. പി.എസ് ഈസ മീഡിയവണിനോട്
കൊച്ചി: അരിക്കൊമ്പൻ തിരികെ ചിന്നക്കനാലിലെത്താൻ വിദൂരമായ സാധ്യത മാത്രമെന്ന് വിദഗ്ധ സമിതി അംഗം ഡോ. പി.എസ് ഈസ. പറമ്പിക്കുളത്തേക്കാൾ മികച്ച സൗകര്യം പെരിയാറിലുണ്ട്. അരിക്കൊമ്പന് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
മിഷൻ അരിക്കൊമ്പൻ വിജയിച്ചത് ദൗത്യസംഘത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ടാണ്. ഡോ.അരുൺ സക്കറിയയുടെ പരിചയ സമ്പത്തും ഗുണമായി. ഡോ.അരുൺ സക്കറിയയെ വിമർശിക്കുന്നവർ വിവരമില്ലാത്തവരാണ്. ഇത്തരക്കാർ സ്വയം പരിശോധന നടത്തണമെന്നും ഈസ പറഞ്ഞു.
'അരി തിന്ന് ആനയ്ക്ക് ജീവിക്കാൻ പറ്റില്ല. ചാനലുകാരും നാട്ടുകാരും ഒക്കെ കൂടി കൊടുത്ത ചാർത്തി കൊടുത്ത ഒരു പേരാണ് അരിക്കൊമ്പൻ എന്നുള്ളത് എന്നാണ് എനിക്ക് തോന്നുന്നത് . ഏതോ വേറെ എന്തോ അന്വേഷിച്ചു പോയപ്പോ ആന അരി കഴിച്ചു എന്നുള്ളതിൽ കവിഞ്ഞു വേറെ ഒന്നുമില്ല. ഇപ്പോഴുള്ള സ്ഥലം ധാരാളം ഭക്ഷണവും വെള്ളവും ഉള്ള പ്രദേശമാണ്. പോരാത്തതിന് നല്ല കാടും ധാരാളം പുൽമേടുകളും ഉള്ള സ്ഥലം..' അദ്ദേഹം പറഞ്ഞു.