അന്വേഷണം അർജുൻ ആയങ്കിയുടെ ഹവാല ഇടപാടുകളിലേക്കും; ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധവും അന്വേഷിക്കും
അർജുൻ ആയങ്കിയെ കസ്റ്റംസ് മൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വർണക്കടത്തിലെ പങ്കാളിത്തം സമ്മതിച്ചിട്ടില്ല
രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ഹവാല ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. ആകാശ് തില്ലങ്കേരിയുമായുള്ള അർജുന്‍റെ ബന്ധവും അന്വേഷിക്കും. കേസിൽ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യംചെയ്യുന്നത് ഇന്നും തുടരും.
അർജുൻ ആയങ്കിയെ കസ്റ്റംസ് മൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വർണക്കടത്തിലെ പങ്കാളിത്തം സമ്മതിച്ചിട്ടില്ല. അർജുൻ അന്വേഷണത്തോട് സഹകരിക്കാത്തതാണ് കസ്റ്റംസിന് തലവേദന ആകുന്നത്. അർജുനെതിരെയുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം ഹവാല ഇടപാടുകളിലെ പങ്കാളിത്തവും കസ്റ്റംസ് അന്വേഷിക്കും. ആകാശ് തില്ലങ്കേരിയുമായി ചേർന്ന് അർജുൻ ഹവാല ഇടപാടുകൾ നടത്താറുണ്ടെന്ന സംശയം കസ്റ്റംസിനുണ്ട്. അർജുന് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നത് എന്ന മൊഴി ആണ് മുഹമ്മദ് ഷെഫീഖ് ആവർത്തിക്കുന്നത്. എന്നാൽ ആദ്യമായാണ് സ്വർണം കടത്തിയത് എന്ന ഷെഫീഖിന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാൾ ഇതിന് മുൻപും ക്യാരിയർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും ചോദ്യംചെയ്യുന്നത് ഇന്നും തുടരും. ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ച സജേഷിനെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഷെഫീഖിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ചയും അർജുന്‍റേത് ചൊവ്വാഴ്ചയും തീരും. അർജുനെ നാല് ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാമനാട്ടുകര സ്വർണക്കവർച്ച ആസൂത്രണ കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജാമ്യഹർജി കഴിഞ്ഞ ദിവസം പരിഗണിച്ച മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും ഗൂഢാലോചന പുറത്ത് കൊണ്ടു വരുന്നതിനും ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസ് ആവശ്യം. പൊലീസ് കെട്ടിച്ചമച്ച കേസിൽ മനപ്പൂർവ്വം കുടുക്കുകയായിരുന്നുവെന്നും നിരപാധികളാണെന്നുമാണ് പ്രതികളുടെ വാദം.