രാമനാട്ടുകര സ്വര്‍ണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തേക്കും
രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് അര്‍ജ്ജുന്‍ ആയങ്കിയോട് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്
രാമനാട്ടുകര സ്വർണ്ണക്കവര്‍ച്ചാ കേസിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന അർജുൻ ആയങ്കി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ അറിയിച്ചിരുന്നതായി പിടിയിലായ ഷെഫീഖ് കസ്റ്റംസന് മൊഴി നൽകിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും അര്‍ജ്ജുന്‍ ആയങ്കി ആവശ്യപ്പെട്ടെന്നും ഷെഫീഖ് മൊഴി നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അർജ്ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജ്ജുന്‍ ആയങ്കിക്ക് സ്വര്‍ണകടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കരിയർ മാത്രമാണ്. 40,000രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്. സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റി വരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞു മലയിലെ ഒരു കഷണം മാത്രമാണെന്നും കൂടുതല്‍ പേര് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സലിം എന്നയാള്‍ വഴിയാണ് മുഹമ്മദിനെ പരിചയപ്പെട്ടതെന്നും അതുവഴി അര്‍ജ്ജുനിലേക്കെത്തിയെന്നുമാണ് ഷെഫീഖിന്‍റെ മൊഴി.
സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പൊലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം.