രണ്ടര മാസം പിന്നിട്ട ദൗത്യം; വെല്ലുവിളികളും നോവും നിറഞ്ഞ ദിനങ്ങള്‍

ജൂലൈ 16 നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്

Update: 2024-09-25 13:32 GMT
Editor : ദിവ്യ വി | By : Web Desk
Advertising

അങ്കോല: രണ്ടരമാസം പിന്നിട്ട ദൗത്യത്തിനൊടുവിലാണ് ​ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറിയും മൃതദേഹവും ലഭിച്ചത്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അർജുനായുള്ള രക്ഷാദൗത്യം. ജൂലൈ 16 നാണ് കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ കനത്തമഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലുണ്ടാകുന്നത്. റോഡരികിലെ കടകൾക്കും വാഹനങ്ങൾക്കും മേലെ ഒരു കുന്ന് തന്നെ ഇടിഞ്ഞു വീണു. അന്ന് തന്നെ നാല് മൃതദേഹം കണ്ടെത്തി. ജൂലൈ 17ന് അതായത് സംഭവം നടന്ന് അടുത്ത ദിവസം ഗംഗാവലി പുഴയിലൂടെ ഒഴുകുന്ന ടാങ്കർ ലോറി കണ്ടെത്തിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുന്നത്. തൊട്ടടുത്ത ദിവസം പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ

കൂടി കണ്ടെടുത്തു. ജൂലൈ 19 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ഇതോടെ അർജുനും ലോറിയും അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ടെന്ന് വ്യക്തമായി. തുടർന്നുണ്ടായ പരിശോധനയിൽ ലോറിയുടെ ജിപിഎസ് ലൊക്കേഷൻ അവസാനം പ്രവർത്തിച്ചത് ദുരന്തത്തിന് തലേന്ന്, അതായത് ജുലൈ 16 ന് രാവിലെ 8.49 ന് എന്ന് വ്യക്തമായി. ജൂലൈ 20 ന് എൻഐടി സൂരത്കലിലെ വിദഗ്ധ സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി. അന്ന് തന്നെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചും പരിശോധിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് സൈന്യം ഷിരൂരിൽ എത്തി. കേരളത്തിൽ നിന്നുള്ള ശക്തമായ സമ്മർദത്തെത്തുടർന്ന് രക്ഷാദൗത്യം വേഗത്തിലായി. ജൂലൈ 21 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു.

കരയിലെ പരിശോധനയിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ലോറി പുഴയ്ക്കടിയിലുണ്ടാകാൻ സാധ്യതയെന്ന് കർണാടക റവന്യൂ മന്ത്രി അറിയിച്ചു. അന്ന് തന്നെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. റഡാർ സിഗ്നൽ കിട്ടിയ അതേ സ്ഥലത്ത് സോണാർ സിഗ്നലും കിട്ടി. ജൂലൈ 23 ന് പരിശോധനക്കിടയിൽ സന്ന ഹനുമന്ത എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടന്നുള്ള ദിവസങ്ങളിൽ കനത്ത മഴയും കാറ്റും ഗംഗാവലി പുഴയിലെ അടിയൊഴുക്കും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി.തിരച്ചിൽ ഇടയ്ക്കിടെ നിർത്തി വച്ചു.ജൂലൈ 23 ന് തന്നെ ലോങ് ബൂം എക്സ്കവേറ്റർ സ്ഥലത്തെത്തി. അടുത്ത ദിവസം മുതൽ പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി.

ജൂലൈ 25 ഐബോഡ് ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായതോടെ പുഴയിൽ ഡൈവിംഗ് സാധ്യമായില്ല. ജൂലൈ 26 ലെ സൈന്യത്തിന്റെ ഐബോഡ് പരിശോധനയിൽ ലോറിയുടേത് എന്ന് കരുതുന്ന നാലാമത്തെ സിഗ്നൽ കിട്ടി. 27 ന് അക്വാമാൻ എന്നറിയപ്പെടുന്ന മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ തിരച്ചിലിനെത്തി. മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും ഫലം കണാതായതോട നിർത്തി. പിന്നീട് ഈശ്വർ മാൽപെ അർജുന്റെ വീട്ടിലെത്തി. അർജുനെ കണ്ടെത്തുമെന്ന് അമ്മക്ക് ഉറപ്പുനൽകി.

എന്നാൽ പ്രതീക്ഷകൾ മങ്ങി തിരച്ചിൽ നിർത്തിവച്ചു. അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായ മൂന്നുപേർക്കായി തിരച്ചിൽ നടത്തണമെന്ന് ആഗസ്റ്റ് ആറിന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇതിനിടെ പലപ്പോഴും തിരച്ചിലിന് ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. സെപ്തംബർ 18ന് ഡ്രഡ്ജർ ഉപയോഗിച്ചുള്ള നിർണായകമായ ഘട്ടം ആരംഭിച്ചു. പല വാഹനങ്ങളുടേയും ഭാഗങ്ങൾ പലപ്പോഴായി പുഴയിൽ നിന്ന് കിട്ടി. ഒടുവിൽ തിരച്ചിലിന്റെ ആറാംദിനം ഗംഗാവലിപ്പുഴയുടെ അടിത്തട്ടിൽ നിന്ന് അർജുന്റെ ലോറിയും അതിനകത്ത് മൃതദേഹവും കണ്ടെത്തുകയായിരുന്നു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News