'എന്റെ മോനെവിടെയെന്ന് അമ്മ ചോദിക്കുന്നു...എന്ത് പറയണം?'; തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം
തടസങ്ങളുണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങളെത്തിക്കണമെന്നും അർജുന്റെ സഹോദരി പറഞ്ഞു.
കോഴിക്കോട്: പെട്ടന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാവില്ലെന്ന് അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുനെയും മറ്റ് രണ്ടുപേരെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണം. തടസങ്ങളുണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങളെത്തിക്കണമെന്നും അർജുന്റെ സഹോദരി ആവശ്യപ്പെട്ടു.
'13 ദിവസമായി, എന്റെ മോന് എന്താണ് പറ്റിയതെന്നാണ് അമ്മ ഇപ്പോഴും ചോദിക്കുന്നത്. ഞങ്ങൾക്ക് എന്ത് പറയണമെന്ന് അറിയില്ല. കർണാടക സർക്കാറിന്റേയും കേരള സർക്കാറിന്റേയും എല്ലാ പിന്തുണയും ലഭിച്ചു. ഇതുവരെയുള്ള തിരച്ചിലിൽ സംതൃപ്തരാണ്. പെട്ടെന്ന് തിരച്ചിൽ നിർത്തുകയാണെന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ പറ്റില്ല. ഓരോ നിമിഷവും ഇപ്പോൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്' - അർജുന്റെ സഹോദരി പറഞ്ഞു.
അർജുനുവേണ്ടി പുഴയിലിറങ്ങിയുള്ള തിരച്ചിൽ തത്ക്കാലം തുടരാനാകില്ലെന്നാണ് ഉന്നതതല യോഗത്തിൽ കർണാടക അറിയിച്ചത്. തിരച്ചിൽ നിർത്തരുതെന്ന് കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം തുടരുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലിയിലെ കുത്തൊഴുക്കിനെ തുടർന്ന് തിരച്ചിലിനെത്തിയ ഈശ്വർ മാൽപേയുടെ സംഘം മടങ്ങിയിരുന്നു.
ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും. തൃശൂർ കാർഷിക സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള യന്ത്രമാണ് അങ്കോലയിലെത്തിക്കുക. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അധികൃതർക്ക് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ ആവശ്യപ്പെടുന്ന മുറയ്ക്ക് യന്ത്രമോ, ടെക്നീഷ്യനോ അങ്കോലയിലേക്ക് പോകാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.