അര്‍ജുന്‍റെ ലോറി കരയില്‍; ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി

ക്യാബിന്‍ പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്

Update: 2024-09-26 05:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

അങ്കോല: ഷിരൂരില്‍ കരയിലെത്തിച്ച അര്‍ജുന്‍റെ ലോറി പരിശോധിച്ചപ്പോള്‍ ക്യാബിനകത്ത് നിന്ന് അസ്ഥി കണ്ടെത്തി. ക്യാബിന്‍ പൊളിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും.

കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് അർജുന്‍റെ കുടുംബം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയത്. വ്യാജ വാർത്തകളുമായി യു ട്യൂബ് ചാനലുകൾ മുതലെടുത്തു. എന്നാൽ ദൗത്യം വിജയകരമാക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും അർജുന്‍റെ സഹോദരി അഞ്ജു പറഞ്ഞു.

അതേസമയം മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്റെ സിഗ്നൽ ലഭിച്ച സിപി രണ്ട് പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി ഉയര്‍ത്തിയെടുത്തത്.

പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തുന്നതിൽ നി‌ർണായകമായത്. രാവിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദ​ഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനടക്കം11 പേരെ കാണാതായത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News