അച്ഛനെയും മകളെയും മർദിച്ച സംഭവം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു
പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് കൂട്ടിച്ചേർത്തത്.
തിരുവനന്തപുരം: കാട്ടാക്കടയിൽ പിതാവിനെയും മകളെയും കൈയേറ്റം ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നില്ലെന്നാണ് ആക്ഷേപം.
വിവിധ യൂണിയനുകളിൽ പെട്ട പ്രതികളുടെ അറസ്റ്റ് തടയുന്നതിന് രാഷ്ട്രീയ സമ്മർദമുണ്ടെന്നാണ് സൂചന. കാട്ടാക്കട സ്വദേശി പ്രേമനനും മകൾക്കുമാണ് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. പ്രേമനനെ മർദിച്ച മെക്കാനിക്കൽ ജീവനക്കാരനെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകുമെന്ന് വിവരം.
ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും വകുപ്പ് നടപടിയെടുത്തിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടിയിലേക്ക് നീങ്ങുന്നത്.
നിലവില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് പ്രതികൾക്കെതിരെ കൂട്ടിച്ചേർത്തത്. പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പിൽ വച്ചാണ് ജീവനക്കാർ പിതാവിനെ കൈയേറ്റം ചെയ്തത്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു.
തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും കൺസഷൻ അനുവദിക്കണമെന്നും പ്രേമൻ അഭ്യർഥിക്കുകയും ചെയ്തു. പിന്നീടാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. പ്രതികൾക്കെതിരെ നേരത്തെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്നവയായിരുന്നു.