ആറ്റിങ്ങലിലെ മദ്യ മോഷ്ടാവ് പിടിയില്‍
128ഓളം മദ്യകെയ്സുകളാണ് രഞ്ജിത്തും കൂട്ടാളികളും മോഷ്ടിച്ചത്
എക്സൈസിനും പോലീസിനും തലവേദന സൃഷ്ടിച്ച ആറ്റിങ്ങലിലെ മദ്യ മോഷ്ടാവ് ഒടുവില്‍ അറസ്റ്റില്‍. മുഖ്യപ്രതി രഞ്ജിത്താണ് അറസ്റ്റിലായത്. ആറ്റിങ്ങലിലെ ബെവ്കോ ഗോഡൌണില്‍ നിന്ന് 128ഓളം മദ്യകെയ്സുകളാണ് രഞ്ജിത്തും കൂട്ടാളികളും മോഷ്ടിച്ചത്.
ലോക്ഡൌണ്‍ കാലത്ത് ബെവ്കോ ഔട്ട് ലെറ്റുകളെല്ലാം അടഞ്ഞ് കിടക്കുന്നതിനിടെ ആറ്റിങ്ങലിലെ വെയര്‍ഹൌസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യ കെയ്സുകള്‍ കൂട്ടത്തോടെ മോഷണം പോയത് എക്സൈസിനും പൊലീസിനും തലവേദനയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചും സൈബര്‍ സെല്‍ സഹായത്തോടെയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതി കവലയൂര്‍ സ്വദേശി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
മലേഷ്യയിലായിരുന്ന രഞ്ജിത് 4 വര്‍ഷം മുന്‍പാണ് മടങ്ങിയെത്തിയത്. രഞ്ജിതും കൂട്ടാളികളായ 9 പേരും ചേര്‍ന്നാണ് മദ്യം കവര്‍ച്ച ചെയ്തത്. ഗോഡൌണിന് പുറകിലുള്ള മരത്തില്‍ കയറി ഗോഡൌണിന്‍റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്നായിരുന്നു സാഹസികമായ കവര്‍ച്ച. അത്യാവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് മദ്യം വില്‍ക്കാനും ലാഭമുണ്ടാക്കാനുമായിരുന്നു തന്ത്രം. മോഷണ മദ്യം കാറില്‍ കടത്തവേ വര്‍ക്കലയ്ക്കടുത്ത് മൂങ്ങോട് വെച്ച് എക്സൈസ് പിടികൂടിയതോടെയാണ് എല്ലാ തന്ത്രവും പൊളിഞ്ഞത്. വര്‍ക്കലയില്‍ നിന്ന് അറസ്റ്റിലായ രഞ്ജിത്തിനെ ഗോഡൌണിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.