Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: പി.വി അൻവറിന്റെ അറസ്റ്റിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. അൻവറിൻ്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
'വന നിയമ പ്രശ്നവുമായി ബന്ധപ്പെട്ട് പി.വി അൻവറിനെ രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഭീകരതയാണ്. അദ്ദേഹം ഒരു എംഎൽഎ ആണ്. അദ്ദേഹത്തിന്റെ വീട് വളഞ്ഞ് രാത്രിയിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിച്ചു പോകാൻ പോകുന്നില്ല. പൊതുമുതൽ നശിപ്പിച്ചു എന്ന കേസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്നമല്ല. ഇത് മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയായി സർക്കാർ ഭരണകൂട ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ്. ഇത് കേരള പൊലീസിന്റെ ചരിത്രത്തിൽ ഒരു കളങ്കമായി കിടക്കും. ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു'- രമേശ് ചെന്നിത്തല പറഞ്ഞു.
അൻവറിൻ്റെ അറസ്റ്റിനെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിമർശിച്ചു. അന്‍വറിന്റെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും അറസ്റ്റ് ചെയ്ത രീതി തെറ്റാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
'പി.വി അൻവറിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി സര്‍ക്കാരും പൊലീസും എടുത്ത നടപടി ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തതാണ്. അന്‍വറിന്റെ വീട് വളഞ്ഞു. ഏറ്റവും വലിയ ഒരു കുറ്റവാളിയെ കൊണ്ടുപോകുന്നത് പോലെ പിടിച്ചു. ഒരിക്കലും ഒരു ജനപ്രതിനിധിയോട് ചെയ്യരുതാത്ത വിധത്തിലുള്ള നടപടികളാണ് പൊലീസ് അവിടെ കാണിച്ചിട്ടുള്ളത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു എങ്കില്‍ അദ്ദേഹം സ്‌റ്റേഷനില്‍ ഹാജരാകുമായിരുന്നു. ബഹുജന മധ്യത്തില്‍വെച്ച് അന്‍വര്‍ ഒന്നുമല്ല എന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി ബോധപൂര്‍വമായ നടപടിയുടെ ഭാഗമായാണ് ഞാന്‍ ഇത് കാണുന്നത്'-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ പൊലീസിന് ഇത് ചെയ്യാനുള്ള ധൈര്യമുണ്ടെന്ന് നമുക്ക് കരുതാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി പറഞ്ഞു. 'പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി.വി അൻവറിന്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ് ? പൊതുപ്രവർത്തകനും എംഎൽഎയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പൊലീസിന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പൊലീസ് കാണിക്കാത്ത ആത്മാർത്ഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണ്' -കെ. സുധാകരൻ പറഞ്ഞു.
അന്‍വറിന്റെ അറസ്റ്റില്‍ മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി പ്രതിഷേധം അറിയിച്ചു. 'അന്‍വറിനെപോലെ ഒരു നിയമസഭാ സാമാജികനെ ഈ രാത്രിയില്‍ പെട്ടെന്ന് പോയി പൊലീസ് അറസ്റ്റ് ചെയ്യാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കേരള നിയമസഭ അടിച്ചുതകര്‍ത്തിട്ടുള്ളവര്‍ മന്ത്രിമാരായി ഇരിക്കുന്ന നാട്ടിലാണ് ഒരാളെ ഇന്നുണ്ടായ സംഭവത്തിന്റെ പേരില്‍ ഡിവൈഎസ്പി അടക്കമുള്ള പൊലീസ് സേനയെ അയച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന നാടകം കാണിക്കുന്നത്. ശശിയും പിണറായി വിജയനും എന്താണ് വിചാരിക്കുന്നത്? ഇത് അവരുടെ സര്‍വ നാശത്തിന്റെ തുടക്കമാണ്'-കെ.എം ഷാജി പറഞ്ഞു.