'വ്യത്യാസത്തിന് പകരം വൈത്യാസം'; പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ

ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്

Update: 2025-03-22 08:54 GMT
Editor : Jaisy Thomas | By : Web Desk
question paper leak
AddThis Website Tools
Advertising

തിരുവനന്തപുരം: വീണ്ടും അക്ഷരത്തെറ്റുകളാൽ നിറഞ്ഞ് ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ. പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും ആണ് അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്. രണ്ടുവർഷത്തെയും ചോദ്യപേപ്പറുകളിലായി ഇരുപതിലധികം തെറ്റുകളുണ്ട്.

നേരത്തെ പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു. തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കഴിഞ്ഞില്ല ഇനി കെമിസ്ട്രി പരീക്ഷ ചോദ്യപേപ്പറിന്‍റെ വരവാണ്. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ച ഉണ്ടായി എന്ന് ആരോപിച്ച് അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

അക്ഷരങ്ങൾ ചേർത്ത് എഴുതുന്നതിലും പ്രയോഗങ്ങളിലും തെറ്റുകളുണ്ട് എന്നും പരാതി ഉയരുന്നുണ്ട്. തുടർച്ചയായി ഭൂരിഭാഗം ചോദ്യപേപ്പറുകളിലും അച്ചടിപ്പിശകുകളും അർഥവ്യത്യാസങ്ങളും കണ്ടെത്തിയതോടെ പൊതു വിദ്യാഭ്യാസ വകുപ്പ് കടുത്ത വിമർശനത്തിന് വിധേയമാവുകയാണ്.

അതേസമയം, ഹയർസെക്കൻഡറി ചോദ്യപേപ്പറിലെ അക്ഷരത്തെറ്റിൽ ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. അക്ഷരത്തെറ്റ് ഉണ്ടായ സംഭവം ഗൗരവതരമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയോട് അവമതിപ്പുണ്ടാക്കാൻ ഇത് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News