ആശമാരുടെ നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക്; ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണാ ജോര്‍ജ്
ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്


തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആശമാർ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം തികയുകയാണ്. സമര സമിതി നേതാവ്എം.എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷീജയെ പൊലീസ് എത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ശോഭ നിരാഹാര സമരം ഏറ്റെടുത്തത്. അതേസമയം ആശാപ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. ചില മാധ്യമങ്ങൾ തന്നെ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ആശാ സമരത്തിൽ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമം പരാജയപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു വീണയുടെ മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനം. കേന്ദ്രമന്ത്രിയെ കാണുന്നതിന് അനുമതി തേടിയത് എന്നാണെന്ന ചോദ്യത്തിന് വീണാ ജോർജിന് കൃത്യമായി മറുപടിയില്ല. പക്ഷേ മാധ്യമ വിമർശനത്തിന് കുറവുണ്ടായില്ല.ആശാ വിഷയത്തിൽ നിരാശയോടെ മടങ്ങിയ മന്ത്രിയെ സഹായിക്കാൻ തയ്യാറാണെന്ന് ജെബി മേത്തർ എംപി മീഡിയവണിനോട് പറഞ്ഞു.