പറന്നിറങ്ങിറങ്ങിയ ദുരന്തത്തില്‍ അഷ്റഫിന് നഷ്ടമായത് ജോലിയും ആരോഗ്യവും
15 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അഷ്റഫ് സ്വന്തമായൊരു വീടെന്ന സ്വപ്നവുമായാണ് അന്ന് നാട്ടിലേക്ക് തിരിച്ചത്
പറന്നിറങ്ങിറങ്ങിയ ദുരന്തത്തില്‍ അഷ്റഫിന് നഷ്ടമായത് ജോലിയും ആരോഗ്യവും കരിപ്പൂർ വിമാന ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ജീവിതം തകര്‍ത്തെറിഞ്ഞ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളിലാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ.
2020 ആഗസ്ത് ഏഴിലെ കരിപ്പൂര്‍ വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളാണ് നാദാപുരം ഇയ്യങ്കോട് സ്വദേശി മൂടോറ അഷ്റഫ് . 15 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അഷ്റഫ് സ്വന്തമായൊരു വീടെന്ന സ്വപ്നവുമായാണ് അന്ന് നാട്ടിലേക്ക് തിരിച്ചത്.
ദുരന്തത്തില്‍ തലച്ചോറിനും നട്ടെല്ലിനും പരിക്കേറ്റ അഷ്റഫിന്‍റെ തുടയെല്ലും പൊട്ടി. ഇപ്പോള്‍ വാക്കറിന്‍റെ സഹായത്തോടെയല്ലാതെ ഒരടി പോലും നടക്കാനാവില്ല. രണ്ടാഴ്ചക്കാലം അബോധാവസ്ഥയിലായിരുന്നു പിന്നീട് ആഴ്ചകളോളം നീണ്ട ആശുപത്രി വാസം. ഇതിനകം 10 സര്‍ജറികള്‍ക്ക് വിധേയനായി. വീട്ടിലെത്തിയിട്ടും ചികിത്സ തുടരുകയാണ്. ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടു. നാട്ടില്‍ ജോലിയെടുക്കാന്‍ ആരോഗ്യം അനുവദിക്കുന്നുമില്ല. എയര്‍ ഇന്ത്യ യുടെ ഇന്‍ഷുറന്‍സ് തുകയല്ലാതെ കേന്ദ്ര കേരള സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയൊന്നും അഷ്റഫുള്‍പ്പെടെ പരിക്കേറ്റ യാത്രക്കാരിലാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. അഷ്റഫിനെ പോലെ ഗുരുതരമായി പരിക്കേറ്റ് വീടകങ്ങളില്‍ ഒതുങ്ങിപ്പോയ പത്തോളം പ്രവാസികളുണ്ട് കരിപ്പൂര്‍ ദുരന്തത്തിന്‍റെ ഇരകളായിട്ട്.