'ഒരു കുടുംബത്തിൽനിന്ന് അന്നം തേടിപ്പോയ രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരേദിവസം വന്നെത്തുന്ന അവസ്ഥ'; കരളലിയിക്കുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി
ഗൾഫിൽ ഒരേ റൂമിൽ താമസിച്ചിരുന്ന അമ്മാവനും മരുമകനുമാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.
കോഴിക്കോട്: അമ്മാവനും മരുമകനും ഗൾഫിൽ ഒരേദിവസം മരിച്ച അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി. ഒരേ മുറിയിൽ താമസിച്ചിരുന്നവരാണ് ഇരുവരും. രാത്രി ഉറങ്ങാൻ കിടന്ന അമ്മാവൻ ഉറക്കത്തിൽ മരിച്ചു. മരണാനന്തര നടപടിക്രമങ്ങൾ നടത്തുന്നതിനിടെ മരുമകനും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. ഇതിൽ രണ്ട് പേര് ബന്ധുക്കളായിരുന്നു. ഒരേ മുറിയിൽ താമസിച്ചിരുന്ന അമ്മാവനും മരുമകനും. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം രാവിലെ ഉണർന്നില്ല. മരണം ഉറക്കത്തിൽ ഇദ്ദേഹത്തെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് കൂട്ടിക്കൊണ്ട് പോയി. മരണ വിവരം അറിഞ്ഞു നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കെ ഉച്ചയോട് കൂടി ഇദ്ദേഹത്തിന്റെ തന്നെ മുറിയിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ പെങ്ങളുടെ മകനും മരണം സംഭവിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഒരേ മുറിയിൽ ചിരിച്ചും കളിച്ചും സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്ക് വെച്ച് കഴിഞ്ഞ രണ്ട് പേർ. ഒരുമിച്ച് ജീവിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്ന അമ്മാവനും ഒരേ ദിവസം മരണത്തിലേക്ക് യാത്രയായി. ഉറങ്ങിക്കിടന്ന പ്രിയപ്പെട്ട അമ്മാവന്റെ മരണം നടന്ന് ഏതാനും സമയം പിന്നിടുമ്പോഴേക്ക് മരുമകനേയും തേടി അതേ മുറിയിൽ മരണത്തിന്റെ മാലാഖ വന്നു. ഒരുപാട് സ്വപ്നങ്ങളും പേറി പ്രവാസ ലോകത്ത് എത്തിയ ബന്ധുക്കളായ പ്രവാസികൾ. അന്ത്യ യാത്രയും ഒരുമിച്ചായി. ഒരു കുടുംബത്തിലേക്ക് അന്നം തേടിപ്പോയ രണ്ട് പേരുടെ മൃതദേഹങ്ങൾ വന്നെത്തുന്ന സങ്കടകരമായ അവസ്ഥ. ഈ കുടുംബത്തിന് ഇത് സഹിക്കാവുന്നതിലും ഏറെയായിരിക്കും. അകത്തേക്ക് എടുക്കുന്ന ശ്വാസം അവസാനത്തേതാണോ എന്ന് നമുക്ക് അറിയാൻ കഴിയില്ലല്ലോ. മരണം ഒരുനാൾ വന്ന് വിളിക്കുമ്പോൾ ഉടുത്ത വസ്ത്രത്തോടെ സമയമോ സാഹചര്യങ്ങളോ നോക്കാതെ ഇറങ്ങിപ്പോയേ പറ്റൂ.
നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.