തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ

ആർഎസ്എസ് തന്ത്രങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിർദേശം

Update: 2021-05-07 15:18 GMT
Editor : Shaheer | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ. പരസ്പരം ചെളിവാരിയെറിഞ്ഞ് ആർഎസ്എസിന് മുതലെടുക്കാൻ അവസരം കൊടുക്കരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പാർട്ടിയിൽ കാതലായ മാറ്റം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോൽവി ചർച്ച ചെയ്യാനായാണ് ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേർന്നത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച യോഗം ഉച്ചയ്ക്കും തുടരുകയാണ്. യോഗത്തിൽ ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന നേതാക്കളെല്ലാം തോൽവിയുടെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് മുല്ലപ്പള്ളി; ഉത്തരവാദിത്തം താൻ ഏൽക്കുന്നുവെന്ന് ഉമ്മൻചാണ്ടി

തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ മുല്ലപ്പള്ളി വിമർശനമുന്നയിച്ചു. ചിലർ തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാൽ, പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ താനായിരുന്നു. ആ നിലയ്ക്കാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. എന്നാല്‍, പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കും; ആർഎസ്എസ് നീക്കം കരുതിയിരിക്കണമെന്നും ചെന്നിത്തല

അതേസമയം, തോല്‍വിയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് ചെന്നിത്തല യോഗത്തിൽ പറഞ്ഞത്. പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും ഹൈക്കമാൻഡ് എന്തു തീരുമാനമെടുക്കുന്നോ അതിനെയെല്ലാം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കോൺഗ്രസിനെ തകർക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വാദം യോഗത്തിൽ ആദ്യമായി ഉന്നയിച്ചതും ചെന്നിത്തലയായിരുന്നു. കൃത്യമായ അജണ്ടയോടെ ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ തെരഞ്ഞെടുപ്പിൽ അവർ സിപിഎമ്മിന് വോട്ട് മറിച്ചുകൊടുത്തു. കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ട് ആർഎസ്എസ് നീക്കം നടത്തുന്നുണ്ട്. നേതാക്കളുടെ ചുറ്റും വട്ടമിട്ടു പറക്കുകയാണ് ആര്‍എസ്എസ്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരും അവരുടെ കെണിയിൽ വീണുപോകരുതെന്നും ചെന്നിത്തല ഉപദേശിച്ചു.

കണ്ണൂരിലെ തോൽവിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സുധാകരൻ, പാർട്ടിയിൽ കാതലായ മാറ്റം ആവശ്യപ്പെട്ട് മുരളീധരൻ

തുടർന്ന് സംസാരിച്ച കെ സുധാകരൻ കണ്ണൂരിലെ തോൽവിയിൽ തനിക്കുകൂടി ഉത്തരവാദിത്തമുണ്ടെന്ന് ഏറ്റുപറഞ്ഞു. കണ്ണൂർ കോർപറേഷൻ ഭരണം യുഡിഎഫിനായിട്ടും ഈ പ്രദേശം ഉൾപ്പെടുന്ന മണ്ഡലത്തിൽ വിജയിക്കാനാകാതെ പോയത് തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ആർഎസ്എസിന് മുതലെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും സുധാകരന്‍ സൂചിപ്പിച്ചു.

പാർട്ടിയിൽ കാതലായ മാറ്റമുണ്ടാവണമെന്ന നിലപാടാണ് യോഗത്തിൽ കെ മുരളീധരൻ സ്വീകരിച്ചത്. എന്നാൽ, ഇപ്പോൾ പരസ്പരം പഴിചാരേണ്ട അവസരമല്ലെന്നും മുരളി അഭിപ്രായപ്പെട്ടു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News