നിയമസഭാ സമ്മേളനം: ചൂരൽമല പുനരധിവാസത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്, പിആർ വിവാദവും ഉന്നയിക്കും
വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരാൻ സർക്കാർ
തിരുവനന്തപുരം: അവധി ദിവസങ്ങൾക്കു ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട് ചൂരൽമലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ടി. സിദ്ദീഖ് എംഎൽഎ പ്രമേയം അവതരിപ്പിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ പി ആർ ഏജൻസിയുടെ ഇടപെടൽ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ കുറ്റമുക്തനായതിലെ പൊലീസിന്റെ വീഴ്ച, അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്, എന്നിവയെല്ലാം ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിക്കും.
2024 വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സർക്കാർ ഇന്ന് സഭയിൽ കൊണ്ടുവരും. എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ ടി. വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത് പ്രതിപക്ഷം സഭയിൽ ഉയർത്തുമോ എന്നും ഭരണപക്ഷം ഉറ്റു നോക്കുന്നുണ്ട്.