നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; മൂന്നു നിയമനിർമാണങ്ങൾ ഇന്ന് സഭയുടെ പരിഗണനയ്ക്ക്
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിഷയം അടിയന്തരപ്രമേയമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഉണ്ടായ തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിങ് നിലനിർത്തണമെന്ന മുന്നണിക്കുള്ളിലെ ആവശ്യം സർക്കാർ അംഗീകരിക്കാൻ ആണ് സാധ്യത. സബ്മിഷനായി വിഷയം വരും എന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന നിയമസഭാ സമ്മേളന ദിവസം ആയതുകൊണ്ട് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിഷയം അടിയന്തരപ്രമേയമായി ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എക്സാലോജിക്- സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട വിഷയം ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
സംസ്ഥാനത്തെ റോഡുകളുടെ നിലവാര തകർച്ചയും, വിഴിഞ്ഞം തുറമഖവുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭയിൽ ശ്രദ്ധ ക്ഷണിക്കൽ ആയി വരും. കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബിൽ അടക്കം മൂന്നു നിയമനിർമാണങ്ങൾ ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും.