21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിൻവലിച്ചു
വിദ്യാർഥി കൺസഷൻ ഉൾപ്പെടെയുള്ള വിഷയം ഉയർത്തി പ്രതിഷേധം തുടരും
സംസ്ഥാനത്ത് ഈ മാസം 21ന് സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ഗതാഗമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിലാണ് ബസ് ഉടമകളുടെ തീരുമാനം. പെർമിറ്റ് പുതുക്കുന്ന വിഷയത്തിലുൾപ്പെടെ ചില ഭേദഗതികൾ പരിശോധിക്കാമെന്ന ഉറപ്പിലാണ് സമരം മാറ്റിയത്. വിദ്യാർഥി കൺസഷൻ വിഷയത്തിൽ തീരുമാനം വൈകുന്നതിൽ ബസ് ഉടമകൾ പ്രതിഷേധം അറിയിച്ചു. ഉന്നയിച്ച കാതലായ വിഷയങ്ങളിൽ തീരുമാനം ആയിട്ടില്ലെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്‌ടോബർ 31ന് അർധരാത്രി വരെ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കുക 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനുള്ള സ്വകാര്യ സ്റ്റേജ് കാര്യേജ് പെർമിറ്റ് പുനസ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ബസുടമകൾ അന്ന് അറിയിക്കുകയായിരുന്നു.