ഹണി ട്രാപ്പ്: വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടി, അവസാനം അശ്വതി അച്ചു പിടിയില്‍
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയർന്നിരുന്നു
തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിൽ. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി പേരെ വഞ്ചിച്ച് പണം തട്ടിയ അശ്വതി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വിവാഹ വാഗ്ദാനം നൽകി പലസമയങ്ങളിലായാണ് അശ്വതി അച്ചു പണം തട്ടിയത്. നേരത്തെ സമാന പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി കാര്യം തിരക്കിയിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ പറഞ്ഞ സമയം അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയർന്നിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതി ഏതാനും വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃദത്തിലാക്കിയ ശേഷം അശ്ലീല ചാറ്റ് നടത്തുകയും പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. ചില പൊലീസ് ഉദ്യോഗസ്ഥൻമാർ പരാതിയുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല.