പത്തനംതിട്ട ഡി.സി.സി യോഗത്തിൽ നേതാക്കൾ തമ്മിൽ വീണ്ടും വാഗ്വാദം
ജില്ലാ പ്രസിഡന്റിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു
പത്തനംതിട്ട: ഡി.സി.സി യോഗത്തിൽ നേതാക്കൾ തമ്മിൽ വീണ്ടും വാഗ്വാദം. മുൻ പ്രസിഡന്റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെന്ഡ് ചെയ്തതിൽ ഒരു വിഭാഗം നേതാക്കൾ എതിർപ്പറിയിച്ചു. ജില്ലാ പ്രസിഡന്റിന്റെയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ബാബു ജോർജ് പണം വാങ്ങിയെന്ന് യോഗത്തിൽ മുതിർന്ന നേതാവ് പി ജെ കുര്യൻ ആരോപിച്ചു.
പന്തളത്തെ മുതിർന്ന നേതാക്കളായ വി.ആർ സോജിയും മഹിളാകോൺഗ്രസ് നേതാവായ ലാലി ജോണും തമ്മിലുള്ള വാഗ്വാദത്തിനിടെ വി.ആർ സോജിയെ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ള രണ്ടു പേർ ചേർന്ന് മർദിച്ചതായി പരാതിയുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്ക് ഉത്തരം നൽകാൻ അവസരം നൽകാൻ സമ്മതിക്കാതെയാണ് തന്നെ ജവഹർ ബാൽ മഞ്ച്, യൂത്ത് കോൺഗ്രസ് നേതാക്കള്‍ തന്നെ മർദിച്ചതെന്ന് വി.ആർ സോജി പറഞ്ഞു. എന്നാൽ പരാതി വ്യാജമാണെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. ബാബു ജോർജ് പണം വാങ്ങിയാണ് തെരഞ്ഞെടുപ്പിന് നിന്നതെന്നടക്കമുള്ള ആരോപണങ്ങളും പി ജെ കുര്യൻ ആരോപിച്ചു.