നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണമെന്ന് പരാതി
അരീക്കോട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് സംഭവം
മലപ്പുറം: നവകേരള സദസിൽ പരാതി നൽകാൻ എത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി പരാതി . യുട്യൂബറായ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിനാണ് വീണ്ടും മർദ്ദനമേറ്റത്. അരീക്കോട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് സംഭവം.
നവകേരള സദസ്സ് അരീക്കോട് നടക്കുമ്പോഴാണ് കെട്ടിട പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ നിസാര്‍ എത്തിയത്. യുട്യൂബറായതുകൊണ്ട് കുറച്ചാളുകള്‍ സെല്‍ഫി എടുക്കാനെത്തി. ഈ സമയത്താണ് ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് യുട്യൂബറെ കയ്യേറ്റം ചെയ്യുകയും അവിടെ നിന്നും പുറത്താക്കുന്ന സാഹചര്യമുണ്ടായത്. ഈ സമയത്ത് മീഡിയവണ്‍ സംഘത്തിനു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. നിസാറിന് കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണും മൈക്കും അക്രമികള്‍ കൈവശപ്പെടുത്തി. ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കായി വൈകിട്ട് അരീക്കോട് പൊലീസ് സ്റ്റേഷനിലേക്ക് നിസാറിനെ വിളിച്ചുവരുത്തുകയും ചെയ്തു. കയ്യേറ്റം ചെയ്തവരും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നു.
ഇവിടെ വച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് നിസാറിന്‍റെ ആരോപണം. മുഖത്തും വയറ്റിലും നെഞ്ചിലുമെല്ലാം മര്‍ദിച്ചു. പൊലീസുകാര്‍ വന്നാണ് പിടിച്ചുമാറ്റിയത്. ഇപ്പോള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിസാര്‍. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി അരീക്കോട് സിഐ അറിയിച്ചു.