അട്ടപ്പാടിയിൽ ചരിഞ്ഞ നിലയിൽ കണ്ട കുട്ടിക്കൊമ്പന്റെ മരണം വെെദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

ഇന്നലെ പുലർച്ചെയാണ് ഷോളയൂർ അരകംപാടിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Update: 2023-07-22 01:34 GMT
Editor : anjala | By : Web Desk
Advertising

അട്ടപ്പാടി: അട്ടപ്പാടി ഷോളയൂരിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ മരണം വൈദ്യുതാഘാതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഷോളയൂർ അരകംപാടി വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിലാണ് ഇന്നലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലമുടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തു.

ഇന്നലെ പുലർച്ചെയാണ് ഷോളയൂർ അരകംപാടിയിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൃഷ്ണസ്വാമിയെന്ന ആളുടെ ഉടമസ്ഥതയിലുള്ള വനമേഖലയോട് ചേർന്ന കൃഷിയിടത്തിലാണ് ആനയെ കണ്ടെത്തിയത്. കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കുന്നത് തടയാൻ സ്ഥലമുടമ അതിരുകൾക്ക് ചുറ്റും കമ്പിവേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ കമ്പി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റതാണ് ആനയുടെ മരണത്തിന് കാരണം. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും പിന്നീട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കുട്ടിക്കൊമ്പന്റെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കി.

പോസ്റ്റ്മാർട്ടത്തിലാണ് കുട്ടിക്കൊമ്പന്റെ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് സ്ഥിരീകരിച്ചത്. കൂടാതെ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ആന തെറിച്ച് വീണതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മാർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതോടെ സ്ഥലമുടമ കൃഷ്ണസ്വാമിക്കെതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തുടർനടപടികൾ പൂർത്തിയാക്കി കുട്ടികൊമ്പന്റെ ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News