അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 24 മണിക്കൂറിനിടെ മൂന്നാമത്തെ മരണം
കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലൻ ദമ്പതിമാരുടെ ആറ് വയസ്സുള്ള മകളാണ് മരിച്ചത്
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ സംഭവിക്കുന്ന മൂന്നാമത്തെ ശിശുമരണമാണിത്. കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലൻ ദമ്പതിമാരുടെ ആറ് വയസ്സുള്ള മകളാണ് മരിച്ചത്. ശ്വാസം മുട്ടലിലെ തുടർന്നാണ് മരണം.
അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ 10 മാസം പ്രായമുള്ള പെൺകുട്ടി വൈകുന്നേരം മരിച്ചിരുന്നു. ഹൃദ്രോഗിയാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്.
അതിനിടെ അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയരക്ടർ ടി.വി അനുപമക്ക് നിർദേശം നൽകി. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10ന് അഗളിയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പങ്കെടുക്കും. അഗളി, പൂതൂർ പഞ്ചായത്തുകളിലാണ് അരിവാൾ രോഗബാധയെ തുടർന്ന് മരണമുണ്ടായത്.