വടിവാളെടുത്ത് കടയടപ്പിക്കാൻ ശ്രമം; രണ്ട് പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ: തൃശൂർ പാവറട്ടിയിൽ പോപുലർ ഫ്രണ്ട് ഹർത്താലിനിടെ കടയടപ്പിക്കാൻ വടിവാളുമായെത്തിയ രണ്ടു പേർ അറസ്റ്റിൽ. മുല്ലശ്ശേരി സ്വദേശികളായ ഷാമിൽ , ഷമീർ എന്നിവരാണ് അറസ്റ്റിലായത്. വടിവാൾ കൊണ്ട് ഇവർ രണ്ട് കടകളുടെ ചില്ല് തകർത്തിരുന്നു. ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 309 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. തൃശൂരിൽ സിറ്റിയിൽ മാത്രം പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 18 പേർ അറസ്റ്റിലാവുകയും 14 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്‌തു. തൃശൂർ റൂറലിൽ രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ പത്ത് പേർ അറസ്റ്റിലാവുകയും പത്ത് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.
അതേസമയം, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക പരിശോധന തുടരുകയാണ്. ഇന്ന് എട്ട് സംസ്ഥാനങ്ങളിലെ അൻപതിലേറെ പിഎഫ്ഐ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തി. കർണാടക, അസം, തെലങ്കാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പോലീസ് പരിശോധന. ഈ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പിഎഫ്ഐ പ്രവർത്തകർ ഇതിനോടകം അറസ്റ്റിലായി കഴിഞ്ഞു.